സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; ജില്ല-ബ്ലോക്ക് തല നിരീക്ഷണ സമിതി രൂപവത്കരിക്കാൻ ഉത്തരവ്
text_fieldsകോട്ടയം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ ജോലിഭാരം കുറക്കാൻ പുതിയ നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതി നടത്തിപ്പിന് ജില്ല -ബ്ലോക്ക് തല നിരീക്ഷണ സമിതി രൂപവത്കരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
നിലവിൽ പി.ടി.എ പ്രസിഡന്റ് ചെയർമാനും പ്രധാനാധ്യാപകൻ കൺവീനറുമായ സ്കൂൾതല കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഈ കമ്മിറ്റിയെ സഹായിക്കാൻ ഇനിമുതൽ ജില്ല-ബ്ലോക്ക് തല നിരീക്ഷണ സമിതികളുണ്ടാകും. ജില്ല കലക്ടർ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ കൺവീനറുമായാണ് ജില്ലതല സമിതി രൂപവത്കരിക്കേണ്ടത്. ജില്ലയിലെ പദ്ധതി നടത്തിപ്പ് ഏകോപനമാണ് സമിതിയുടെ ചുമതല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കൺവീനറുമായാണ് ബ്ലോക്ക് മോണിറ്ററിങ് സമിതി. ഭക്ഷ്യവസ്തുക്കൾ സ്കൂളിൽ എത്തിക്കാൻ ക്രമീകരണം ഒരുക്കേണ്ടത് സ്കൂൾതല കമ്മിറ്റിയാണ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാധ്യാപകനെ സഹായിക്കാൻ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി രണ്ട് അധ്യാപകരെ വരെ നിയമിക്കാം. ഇതിന് പ്രധാനാധ്യാപകന് അധികാരം നൽകി.
രണ്ട് അധ്യാപകരുണ്ടെങ്കിൽ ഒരാൾ രജിസ്റ്ററുകളും ബില്ലുകളും കൈകാര്യം ചെയ്യണം. മെറ്റയാൾ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കണം. ഫണ്ട് ഇല്ലെങ്കിൽ സ്കൂളിൽ ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാനും അനുമതിയുണ്ട്.
‘പ്രധാനാധ്യാപകർക്ക് ജോലി ഭാരമില്ലെന്ന് സമർഥിക്കാൻ നീക്കം’
കോട്ടയം: സ്കൂൾ പ്രധാനാധ്യാപകർക്ക് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജോലി ഭാരം കുറക്കാനല്ല, ജോലിഭാരമില്ലെന്ന് സമർഥിക്കാനാണ് ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ).
ഹൈകോടതിയിൽ നടക്കുന്ന കേസിൽ സർക്കാറിന് ഇക്കാര്യം ബോധിപ്പിക്കാനാവും. എന്നാൽ വസ്തുത അതല്ല. സംഘടനയുടെ പ്രധാന ആവശ്യം പദ്ധതി നടത്തിപ്പ് പ്രധാനാധ്യാപകരിൽനിന്ന് മാറ്റി തദ്ദേശ സ്ഥാപനങ്ങളെയോ മറ്റ് ഏജൻസികളെയോ ഏൽപിക്കണം എന്നാണ്. പദ്ധതി നടത്തിപ്പിന്റെ ചുമതല പ്രധാനാധ്യാപകർക്കല്ല, ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നാണ് സർക്കാർ വാദം.
പി.ടി.എ പ്രസിഡന്റും വാർഡ് മെംബറുമല്ല സാധനങ്ങൾ വാങ്ങുന്നതും പണം നൽകുന്നതും. പ്രധാനാധ്യാപകനാണ് ഈ ജോലി ചെയ്യുന്നത്.
അധ്യാപകർക്ക് ഉച്ചഭക്ഷണ ചുമതല നൽകുന്നത് സ്കൂളിന്റെ അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്ന് സംഘടന നേരത്തേ പറയുന്നതാണ്. ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാമെന്ന് നിർദേശിക്കുമ്പോൾ ഏത് ഫണ്ടാണ് സ്കൂളിലുള്ളതെന്ന് കൂടി വ്യക്തമാക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.