കോട്ടയത്ത് 12,000ത്തിലധികം കുരുന്നുകൾ ഒന്നാംക്ലാസിലേക്ക്
text_fieldsകോട്ടയം: അവധിത്തിമിർപ്പുകൾക്ക് വിട, വീണ്ടും ആരവങ്ങളുടെ വിദ്യാലയക്കാലം. വേനലവധിക്കുശേഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക്. പുതിയ അധ്യയനവർഷത്തിന് വ്യാഴാഴ്ച തുടക്കമാകും. ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നവർക്കൊപ്പം ‘സീനിയേഴ്സും’ ചേരുന്നതോടെ രണ്ടുമാസത്തെ ഇടവേളക്കുശേഷം ക്ലാസ്മുറികളിൽ കലപിലകൾ നിറയും. മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവത്തോടെയാകും തുടക്കം. ഒന്നാംക്ലാസുകാരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നേരത്തതന്നെ പെയിന്റിങ് അടക്കം പൂർത്തിയാക്കി കാത്തിരിക്കുകയാണ് സ്കൂളുകൾ. സ്കൂൾ ഭിത്തികളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കം ഇടംപിടിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് മധുരപലഹാരവിതരണവുമുണ്ടാകും. നവാഗതർക്കായി പി.ടി.എകൾ സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒന്നാംക്ലാസിലേക്ക് പന്ത്രണ്ടായിരത്തിലധികം വിദ്യാർഥികൾ എത്തുമെന്നാണ് പ്രതീക്ഷ. അടുത്തദിവസങ്ങളിൽ മാത്രമേ, എണ്ണത്തിൽ വ്യക്തതയാകൂ. എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം ആദ്യദിവസംതന്നെ ആരംഭിക്കും.
ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്കൊപ്പം പ്ലസ് ടുക്കാർക്കും വ്യാഴാഴ്ച ക്ലാസുകൾ ആരംഭിക്കും. കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ 898 സ്കൂളുകളും സജ്ജമായി. ജില്ലതല പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷതവഹിക്കും. മോഡൽ ഇൻക്ലൂസിവ് സ്കൂൾ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം സ്കൂളുകളിൽ ഓൺലൈനായി കാണിക്കും. വിദ്യാഭ്യാസ വകുപ്പ് മുഴുവൻ സ്കൂളുകളിലും പരിശോധന പൂർത്തിയാക്കി. 898 സ്കൂളുകളിൽ 750 എണ്ണത്തിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. പോരായ്മകൾ പരിഹരിക്കാൻ സമയംനൽകിയ സ്കൂളുകളാണ് മറ്റുള്ളവ. ഇവയും രണ്ടുദിവസത്തിനുള്ളിൽ ഫിറ്റ്നസ് നേടുമെന്ന് ഡി.ഡി.ഇ സുബിൻപോൾ പറഞ്ഞു.
സ്കൂൾ കെട്ടിടത്തിന്റെ ഉറപ്പ്, പാചകപ്പുരയിലെയും പരിസരത്തെയും വൃത്തി, അരിയുടെയും മറ്റും നിലവാരം, ശുചിമുറിയുടെ അവസ്ഥ തുടങ്ങിയ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു. മാറ്റങ്ങൾ വേണ്ടിടത്ത് അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ ബസുകൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഒന്ന് മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മികച്ച വിജയശതമാനം നേടിയാണ് ജില്ല പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.