കുട്ടികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി സ്കൂളുകൾ
text_fieldsകോട്ടയം: രണ്ടുമാസത്തെ മധ്യവേനലവധിക്കുശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ അണിഞ്ഞൊരുങ്ങി. സ്കൂളുകളെല്ലാം നിറങ്ങൾ വാരിപ്പൂശിയും ചിത്രങ്ങൾ വരച്ചും മനോഹരമാക്കി. പുത്തനുടുപ്പും ബാഗുമായി എത്തുന്ന കുരുന്നുകളെ ആകർഷിക്കാൻ ക്ലാസ് മുറികൾ കളിയിടങ്ങളാക്കുന്ന തിരക്കിലാണ് അധ്യാപകരും ജീവനക്കാരും.
കാർട്ടൂൺ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമൊക്കെ ചുമരിൽ നിറഞ്ഞു. കെട്ടിടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. സ്കൂൾ പരിസരം കാടുവെട്ടി ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ, തൊഴിലുറപ്പുതൊഴിലാളികൾ, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്.
മഴക്കാലത്ത് വെള്ളം കയറുമെന്നതൊഴിച്ചാൽ നിലവിൽ അപകടാവസ്ഥയിലുള്ളതോ ഫിറ്റ്നസ് ഇല്ലാത്തതോ ആയ കെട്ടിടങ്ങൾ ഇല്ല. സ്കൂളുകളിലെ പരിശോധനയും പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകവിതരണവും പൂർത്തിയായി.
അതേസമയം യൂനിഫോം വിതരണം പൂർത്തിയായിട്ടില്ല. ഷർട്ടിനുള്ള കൈത്തറി തുണി എല്ലായിടത്തും എത്തിയെങ്കിലും പാന്റിനുള്ളത് ഇനിയും കിട്ടാനുണ്ട്. രണ്ടും കൂടി കിട്ടിയാലേ വിതരണം ചെയ്യാനാവൂ. 910 സ്കൂളുകളാണ് ജില്ലയിലുള്ളത്. ജില്ല തല സ്കൂൾ പ്രവേശനോത്സവം കുമരകം ജി.വി.എച്ച്.എസ്.എസിൽ രാവിലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സ്കൂളുകളിലെ തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണെന്നും പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും ഡി.ഡി.ഇ സുബിൻപോൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.