കണ്ണീർ പൊഴിയുന്നു, മലയോര മണ്ണിൽ
text_fieldsകാട്ടുമൃഗങ്ങളുമായി പോരടിച്ചായിരുന്നു എക്കാലവും മലയോര ജനതയുടെ ജീവിതം. എന്നാലിപ്പോൾ പ്രതിരോധമെല്ലാം തച്ചുതകർത്താണ് കാട്ടാനകളുടെ വിളയാട്ടം. തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും നശിപ്പിക്കുന്നത് നോക്കിനിൽക്കാൻ മാത്രമേ ഇവർക്കാവൂന്നുള്ളു. ഹൃദയം തകര്‍ന്ന് മലയിറങ്ങുന്നവരും ഏറെ. ഒരിക്കല്‍ പൊന്ന് വിളയിച്ച മണ്ണ് ഇപ്പോള്‍ കിട്ടുന്ന വിലക്ക് വിറ്റാണ് പലരും കുടിയിറങ്ങുന്നത്. ജില്ലയിൽ രൂക്ഷമാകുന്ന കാട്ടുമൃഗങ്ങളുടെ വിളയാട്ടത്തെക്കുറിച്ചുള്ള 'മാധ്യമം' അന്വേഷണം ഇന്നുമുതൽ...
ആനകള്‍ നിരന്തരം എത്തുന്നു
വനാതിര്‍ത്തി മേഖലയിലുള്ള കൃഷിസ്ഥലങ്ങളില്‍ കയറി കൃഷികള്‍ നശിപ്പിക്കുന്നതായിരുന്നു ആദ്യമെങ്കില്‍, ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും ആനകള്‍ നിരന്തരം കടന്നെത്തുന്നു. കാട്ടുപന്നികൾ നഗരപ്രദേശങ്ങളിലേക്കുപോലും 'കുടിയേറുന്നു'.
രണ്ടു വർഷം മുമ്പുവരെ ഏതാനും പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജില്ലയിലെ പത്തിലേറെ പഞ്ചായത്തുകളിലാണ് നാശം വിതക്കുന്നത്. എരുമേലി, മണിമല, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനവുമായി വിദൂര ബന്ധം മാത്രമുള്ള കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ, നെടുംകുന്നം, കങ്ങഴ, കൂരോപ്പട, പാമ്പാടി പഞ്ചായത്തുകളിലും ഇപ്പോൾ ശല്യം രൂക്ഷമാണ്.
'ഒറ്റ ദിവസം കൊണ്ട് എല്ലാം നശിച്ചു'
'പൊന്നുപോലെ വളർത്തിക്കൊണ്ടുവന്നതാണ്. ഒറ്റദിവസം കൊണ്ട് എല്ലാം ചവിട്ടിമെതിച്ചു. തെൻറ ഒരേക്കറിലെ എല്ലാ കൃഷികളും കാട്ടാന കൂട്ടം കൊണ്ടുപോയി. കൂട്ടമായെത്തുന്ന കാട്ടാനങ്ങൾ ഒന്നും അവശേഷിപ്പിക്കാതെയാണ് കൃഷിയിടം വിട്ടുപോയത്. ഇനി വീണ്ടും ഒന്നിൽനിന്ന് തുടങ്ങണം' സ്വന്തം ജീവിതം കാട്ടാനകൾ ചവിട്ടിമെതിച്ചത് കര്‍ഷകനായ കോരുത്തോട് തെരുവുകുന്നേല് വിനോദ് ടി.ഫ്രാന്‍സിസ് വിവരിക്കുന്നതിങ്ങനെ. 'കാട്ടാനക്കൊപ്പം കാട്ടുപന്നിയും കുരങ്ങനും മലയണ്ണാനും എത്തി എല്ലാം കവരുകയാണ്.
അടുത്തിടെയായി ശല്യം അതിരൂക്ഷമാണ്. വാഴ, തെങ്ങ് , മരച്ചീനി എന്നിവയെല്ലാം ശബരിമല വനത്തില്‍ നിന്നെത്തിയ കാട്ടാനകള്‍ നശിപ്പിച്ചു. വർഷങ്ങളുടെ പരിചരണത്തിലൂടെ വളർത്തിയ തെങ്ങുകൾ നിമിഷങ്ങൾക്കുള്ളിൽ കുത്തിയിട്ടു. ഇനി എത്രനാൾ കാത്തിരിക്കണം, തെങ്ങുകൾ അത്രയും വളരണമെങ്കിൽ. ചേമ്പ്, ചേന, കാച്ചില് എന്നിവ കാട്ടുപന്നികൾ തകർത്തെറിഞ്ഞു. കൊക്കോ മുഴുവൻ മലയണ്ണാനുമെത്തി നശിപ്പിച്ചു. സര്‍ക്കാറിെൻറ നഷ്ടപരിഹാരം ഒന്നിനും ആവില്ല. നിരവധിപേര്‍ അപേക്ഷിച്ചിട്ട് രണ്ടുപേരൊഴികെ ആര്‍ക്കും തുക ലഭിച്ചിട്ടില്ല. ഒമ്പത് ലക്ഷം മുടക്കി നടപ്പിലാക്കിയ സോളാര്‍ വേലി പ്രവര്‍ത്തനരഹിതമായിരിക്കുന്നു'. വിനോദിനെ പോലെ സമീപത്തെ നിരവധിപേരുടെ കൃഷിയിടങ്ങളാണ് വന്യമൃഗങ്ങൾ തരിശിടമാക്കിയിരിക്കുന്നത്.
തങ്ങളുടെ േവദനകൾ പുറത്തെത്തുന്നില്ല
കർഷകർക്കൊപ്പം നിൽക്കാൻ അരുമില്ലാത്തതിനാൽ തങ്ങളുടെ േവദനകൾ പുറത്തെത്തുന്നില്ലെന്ന് മറ്റൊരുകർഷകനായ ജോജോ പാമ്പാടത്ത് പറഞ്ഞു. തെങ്ങുകളെ നശിപ്പിക്കുന്ന മലയണ്ണാെൻറ ശല്യവും വ്യാപകമായിരിക്കുന്നു. കർഷകർ കാവലിരുന്നാൽപോലും ഇവയെ കണ്ടെത്താൻ കഴിയില്ല. നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കല്‍ മാത്രമല്ല ജനജീവിതത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ്. ആന, കാട്ടു പന്നി, കുറുക്കന് എന്നിവ കോരുത്തോട് പഞ്ചായത്തിൽ മാത്രം ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് നശിക്കുന്നത്. സോളാര്‍ വേലി ഇപ്പോഴും പൂർണമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ആനകൾ കൊണ്ടുപോയെന്ന് വിലപിക്കാനല്ലാതെ മറ്റൊന്നിനും ഇവർക്ക് കഴിയുന്നില്ല. പണ്ട് പാട്ട കൊട്ടിയാൽ കാട്ടാനകൾ മടങ്ങുമായിരുന്നു. ഇപ്പോൾ കർഷകർ എന്തൊക്കെ ചെയ്തിട്ടും കൃഷിയിടത്തിൽ തന്നെ കാട്ടാനക്കൂട്ടം തുടരുന്നതാണ് സ്ഥിതി. അതേക്കുറിച്ച് നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.