കോട്ടയം കെ.എസ്.ആർ.ടി.സി ഗാരേജ്; റാമ്പുകളിൽ മലിനജലക്കെട്ട്, പ്രതിസന്ധിയിൽ ജീവനക്കാർ
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ഗാരേജിലെ റാമ്പുകളിൽ മലിനജലം നിറഞ്ഞതോടെ ബസുകളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ. രണ്ട് ഷിഫ്റ്റുകളിലായി 30ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. യാതൊരു സുരക്ഷ സംവിധാനങ്ങളില്ലായാണ് ജീവനക്കാർ കഴിഞ്ഞുകൂടുന്നത്. കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലമൂത്രമടക്കമുള്ള മാലിന്യം ഒഴുകിയെത്തുന്നത് താഴെയുള്ള കെ.എസ്.ആർ.ടി.സി ഗാരേജിലേക്കാണ്. പുഴുവരിക്കുന്ന ദുർഗന്ധം വമിക്കുന്ന മലിനജലം ഗാരേജിലെ റാമ്പിൽ നിറഞ്ഞതോടെ ബസുകൾ ജീവനക്കാർക്ക് വർക്ക്ഷോപ്പിൽ നിൽക്കാനാവാത്ത അവസ്ഥയിലാണ്. ഓയിലും വെള്ളവും കലർന്ന തറയിൽ ചവിട്ടിയാൽ വീഴുന്നത് ഈ മലിനജലത്തിലേക്കാണ്. ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ വർക്ക്ഷോപ്പിൽ ജീവൻ പണയം വെച്ച് ജോലിയെടുക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്ക്. മരപ്പൊടി നിലത്ത് വിതറിയാണ് ഓയിലിന്റെ അംശം കളയുന്നത്. എന്നാൽ മഴവെള്ളവും കൂടെ കലർന്നതോടെ തറയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കോട്ടയം ഡിപ്പോയിലെ 100ലധികം ബസുകൾ സുഗമമായി സർവിസ് നടത്തുന്നതിന് പിന്നിൽ ഗാരേജിലെ ഒരുകൂട്ടം ജീവനക്കാരുടെ സഹന ഫലമായാണ്.
എട്ട് വർഷം പഴക്കമുള്ള കോട്ടയം കെ.എസ്.ആർ.ടി.സി ഗാരേജിന് കെട്ടിട നമ്പറോ അഗ്നിരക്ഷാസേനയുടെ ഫിറ്റ്നസോ ഇല്ല. അതുകൊണ്ട് തന്നെ ജോലിക്കിടെ ജീവനക്കാർക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തന്നെ ഇൻഷുറൻസോ മറ്റ് ആനുകൂല്യമോ ലഭിക്കില്ലെന്ന് ജീവനക്കാർ പറയുന്നു. ബസുകൾ നിർത്തിയിട്ട് പരിശോധിക്കുന്ന റാമ്പിലും തറയിലും വെള്ളം കയറുന്നതോടെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നും വൈദ്യുഘാതമേൽക്കാനുള്ള സാഹചര്യം കൂടുതലാണ്. കഴിഞ്ഞദിവസം ബസിനടിയിൽ വെൽഡിങ് ജോലികൾ ചെയ്തിരുന്ന രണ്ട് ജീവനക്കാർക്കാണ് വൈദ്യുതാഘാതമേറ്റത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്ന് ജീവനക്കാർ പറയുന്നു. രാത്രിയിൽ ഗാരേജിൽ ബസ് നിർത്തി ഇറങ്ങുന്ന ബസ് ജീവനക്കാർക്കും അവസ്ഥ വ്യത്യസ്തമല്ല. മലിനജലത്തെ കൂടാതെ തെരുവുനായ്ക്കളുടെയും പാമ്പുകളുടെയും ശല്യവും രൂക്ഷമാണ്.
ഡിപ്പോയുടെ താഴെയുള്ള ഗ്രൗണ്ടിൽ മാലിന്യം തള്ളുന്നതിനായി രണ്ട് കുഴികൾ എടുത്തിട്ടുണ്ട്. അതിൽനിന്നുള്ള മാലിന്യം ഊറിയാണ് ഗാരേജിലേക്ക് ഒഴുകുന്നത്. ഗാരേജിന്റെ ഓഫിസ് മുറികളിൽ മൂത്രമടങ്ങിയ മാലിന്യജലം ചോർന്നിറങ്ങുകയാണ്. മുറിക്കുള്ളിലെ വെള്ളക്കെട്ടിൽ ഇരുന്നാണ് ജീവനക്കാർ തങ്ങളുടെ ജോലി പൂർത്തിയാക്കുന്നത്. വൃത്തിഹീനമായ വെള്ളത്തിൽ ചവിട്ടിനടക്കുന്ന ജീവനക്കാർക്ക് ചർമ്മസംബന്ധമായ രോഗങ്ങൾ പതിവാണെന്ന് പരാതിയുണ്ട്. വിഷയം മേൽഅധികൃതരെ അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഒമ്പത് രൂപ വിലയുള്ള സോപ്പാണ് ഇതിന് പരിഹാരമായി നൽകിയതെന്നും ജീവനക്കാർ പറയുന്നു. ഏറ്റുമാനൂർ സ്വദേശിയായ ഗാരേജിലെ ജീവനക്കാരൻ ഒരു മാസത്തോളമാണ് ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ കഴിഞ്ഞത്. അടിഭാഗം കുറഞ്ഞ എ.സി ബസുകളും സ്വിഫ്റ്റ് ബസുകളും റാമ്പിൽ കയറ്റിയാൽ മാത്രമേ പരിശോധിക്കാനാവൂ. മലിനജലം കെട്ടിക്കിടകുന്ന റാമ്പിൽ വെളിച്ചത്തിനായി ഉപയോഗിക്കുന്ന ലൈറ്റുകളുടെ വയറുകളും ഫോൾഡറും മുങ്ങിനിൽക്കുകയാണ്. നെഞ്ചളവിലാണ് പുഴുവരിക്കുന്ന മലിനജലം കെട്ടിക്കിടക്കുന്നത്.
ഫലം കാണാതെ പരാതികൾ
നിരവധി തവണ ഡി.ടി.ഒ ഡിപ്പോ എൻജിനിയർ ഉൾപ്പെടെ പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാവാത്തതിൽ അമർഷത്തിലാണ് ജീവനക്കാർ. ഓഫിസിന്റെ മുകളിലെ നിലയിൽനിന്നും കിളിവാതിലിലൂടെ ഉത്തരവിടൽ മാത്രമാണ് എഞ്ചിനിയർ ചെയ്യുന്നത്. അവസാനവട്ട റിപ്പോർട്ട് വാട്സ്ആപ്പിൽ പരിശോധിക്കുകയല്ലാതെ ജീവനക്കാരുടെയോ അവരുടെ പരാതികളെയോ എൻജിനിയർ പണിഗണിക്കാറില്ലെന്നും പരാതിയുണ്ട്. ഡി.ടി.ഒയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ 15 ദിവസത്തിനുള്ളിൽ ശാശ്വതപരിഹാരം കാണുമെന്ന് ഡി.ടി.ഒ അറിയിച്ചു. അല്ലാത്തപക്ഷം സമരനടപടികളുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണ് ജീവനക്കാർ.
‘ആരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല’
‘50ലധികം യാത്രക്കാർ സഞ്ചരിക്കുന്ന ബസ് സുഗമമായി ഓടുന്നതിന് രാവുംപകലുമില്ലാതെ വൃത്തിഹീനമായ നിലത്ത് കിടന്ന് ജോലിയെടുക്കേണ്ടിവരുന്നവരുടെ അവസ്ഥ ആരും അന്വേഷിക്കുന്നില്ല. പൊട്ടിക്കിടക്കുന്ന കേബിളുകൾ കിടക്കുന്നതുകൊണ്ട് അബദ്ധവശാൽ നിലത്ത് ചവിട്ടുന്ന ആൾക്ക് ഷോക്കേൽക്കും എന്ന കാര്യത്തിൽ സംശയമില്ല. ജോലിക്ക് ശേഷം ഡെറ്റോളും സോപ്പും ഉപയോഗിച്ച് ഒരുപാട് നേരം വൃത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് മടങ്ങൂ.’ - ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.