'ചാൻസലറിസം കവാടത്തിന് പുറത്ത്': എം.ജി സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ ബാനർ
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ വിദ്യാർഥി സംഘടനകളുടെ പോസ്റ്ററുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എസ്.എഫ്.ഐ. 'ചാൻസലറിസം കവാടത്തിന് പുറത്ത്' എന്നെഴുതിയ ബാനർ സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഉയർത്തിയാണ് എസ്.എഫ്.ഐ ഗവർണർക്കെതിരെ പ്രതിഷേധം അറിയിച്ചത്. എസ്.എഫ്.ഐ എം.ജി യൂനിറ്റ് എന്ന പേരിലാണ് ബാനർ ഉയർത്തിയത്. ഗവർണറുടെ പരാമർശത്തിനുള്ള കൃത്യമായ മറുപടി എന്ന നിലക്കാണ് ബാനർ ഉയർത്തിയതെന്ന് യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു. കാമ്പസിൽ എസ്.എഫ്.ഐയുടെ മാത്രമല്ല എല്ലാ സംഘടകളുടെയും കൊടികളും പോസ്റ്ററുകളുമുണ്ട്. സർവകലാശാലയുടെ നോട്ടീസ് ബോർഡിൽ എല്ലാ വിദ്യാർഥി സംഘടനകളും അവരവരുടെ പോസ്റ്ററുകൾ ഒട്ടിക്കാറുണ്ട്. എസ്.എഫ്.ഐയെ മാത്രം വിമർശിച്ചതിലുള്ള പ്രതിഷേധമായാണ് ബാനർ ഉയർത്തിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ഗവർണർ ഡി.ലിറ്റ് ബിരുദദാനത്തിന് സർവകലാശാലയിലെത്തിയത്. ബിരുദദാനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിക്കുകയും സർവകലാശാലയിൽ വിദ്യാർഥി സംഘടനകൾ പോസ്റ്ററുകൾ ഒട്ടിച്ചതിനെ വിമർശിക്കുകയും ചെയ്തിരുന്നു. കാമ്പസിൽ ഇടത് വിദ്യാർഥി സംഘടനകളുടെ അടക്കം പോസ്റ്ററുകൾ വ്യാപകമായി കണ്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവകലാശാല പൊതുസ്ഥാപനമാണെന്നും കാമ്പസിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ ആരാണ് അധികാരം കൊടുത്തത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കാമ്പസ് തങ്ങളുടെ സ്വത്താണെന്ന് കരുതുന്നുണ്ടെങ്കിൽ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഗവർണറെ പരസ്യമായി വിമർശിച്ച് എസ്.എഫ്.ഐ രംഗത്ത് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.