കോട്ടയം-മെഡിക്കൽ കോളജ് റോഡിൽ അപകടം വിരിച്ച് തണൽമരം
text_fieldsകോട്ടയം: തലക്ക് മീതേ അപകടമുന്നറിയിപ്പുമായി ചുങ്കം പാലത്തിന് സമീപത്തെ വാകമരം. ഒടിഞ്ഞുവീണ ഉണങ്ങിയ ചില്ലയിൽനിന്ന് സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പകൽ ചുങ്കം പാലത്തിനടുത്താണ് സംഭവം. വാരിശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർയാത്രികയുടെ മുന്നിലേക്കാണ് മരച്ചില്ല വീണത്. ആദ്യമൊന്ന് പകച്ചെങ്കിലും നിയന്ത്രണംവിട്ട സ്കൂട്ടർ വെട്ടിച്ചുമാറ്റിയാണ് ഇവർ രക്ഷപ്പെട്ടത്. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന കാലാവസ്ഥയിൽ തണൽമരത്തിന്റെ ശിഖരങ്ങൾ യാത്രികർക്ക് അപകടസൂചന ഉയർത്തുകയാണ്. വരുംദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് തലക്ക് മുകളിൽ ഉണങ്ങിയ ശിഖരങ്ങളുമായുള്ള തണൽമരത്തിന്റെ നിൽപ്.
ആംബുലൻസും സ്കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മരങ്ങൾ, മരക്കൊമ്പുകൾ വെട്ടിമാറ്റണമെന്ന അധികൃതരുടെ നിർദേശം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കാലപ്പഴക്കത്തെ തുടർന്ന് മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനായി സമീപവാസികൾ ഉൾപ്പെടെയുള്ളവർ നിരവധിതവണ നഗരസഭയെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
മരക്കൊമ്പുകൾ വൈദ്യുതിലൈനുകൾക്ക് മുകളിലേക്കാണ് ചാഞ്ഞുനിൽക്കുന്നത്. വാഹനങ്ങളിൽ മരക്കൊമ്പുകൾ തട്ടുന്നതും പതിവാണ്. മരക്കൊമ്പുകൾ വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ശക്തമാണ്.
പാലത്തിൽ മതിയായ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. രാത്രി അപകടമുണ്ടായാൽ സമാനതകളില്ലാത്ത ദുരന്തത്തിനിടയാകുമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.