സിൽവർലൈൻ പദ്ധതി: സ്പെഷൽ തഹസിൽദാറെ നിയമിച്ചു
text_fieldsകോട്ടയം: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) പ്രതിഷേധങ്ങൾ ശക്തമാവുേമ്പാഴും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട്. എൽ.എ റെയിൽവേ സ്പെഷൽ തഹസിൽദാരായ റോസ്ന ഹൈദ്രോസിനെ ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ തഹസിൽദാറായി നിയമിച്ചു.
എൽ.എ റെയിൽവേ സ്പെഷൽ തഹസിൽദാറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ അവധിയായതിനാൽ ഒരുമാസം ആ ചുമതലയും റോസ്നക്കാണ്. പാത കടന്നുപോകുന്ന 11 ജില്ലകളിലാണ് സ്പെഷൽ തഹസിൽദാർ ഓഫിസ് ആരംഭിച്ചത്. സ്പെഷൽ തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്, വാലുവേഷൻ അസിസ്റ്റൻറ്, ഓഫിസ് അസിസ്റ്റൻറ്, രണ്ടുവീതം ക്ലർക്ക്, സീനിയർ ക്ലർക്ക്, മൂന്നുവീതം റവന്യൂ ഇൻസ്പെക്ടർ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, നാല് സർവേയർ എന്നിങ്ങനെ 18 ഉദ്യോഗസ്ഥരാണ് സ്പെഷൽ തഹസിൽദാർ ഓഫിസിലുണ്ടാവുക. കൊച്ചിയിൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഓഫിസും ആരംഭിച്ചു. 12 ഓഫിസുകൾ ആരംഭിക്കുന്നതിനും ശമ്പള ഇനത്തിലുമടക്കം 13.49 കോടിയാണ് ചെലവ്.
പദ്ധതിക്കായി ജില്ലയിൽ 310.25 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 108.11 ഹെക്ടർ സ്റ്റേഷൻ നിർമാണത്തിനും 202.14 പാളത്തിനും. ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി, തോട്ടക്കാട്, വാകത്താനം വില്ലേജുകളിലും കോട്ടയം താലൂക്കിൽ മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, മീനച്ചിൽ താലൂക്കിൽ കാണക്കാരി, കുറവിലങ്ങാട്, വൈക്കം താലൂക്കിൽ കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂർ (187.57), ചെങ്ങന്നൂർ-എറണാകുളം (232.47), എറണാകുളം-തൃശൂർ (167.91), തൃശൂർ-കോഴിക്കോട് ( 151.97), കണ്ണൂർ-കാസർകോട് (215.21 ) എന്നിങ്ങനെ അഞ്ചു റീച്ചുകളിലും ഒരുമിച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ആകെ 955.13 ഹെക്ടർ ഭൂമിയാണ് വേണ്ടിവരുന്നത്.
കോട്ടയത്തുനിന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് സിൽവർ ലൈനിൽ സഞ്ചരിക്കാൻ: (സ്ഥലം, ദൂരം, സമയം, ചാർജ് എന്നീ ക്രമത്തിൽ) കോട്ടയം-തിരുവനന്തപുരം-137 കി.മീ-ഒരു മണിക്കൂർ 2 മിനിറ്റ്-377 രൂപ ,കോട്ടയം-കൊച്ചി-59 കി.മീ-23 മിനിറ്റ് -163 രൂപ, കോട്ടയം- കോഴിക്കോട്- 221 കി.മീ.- ഒരുമണിക്കൂർ 38 മിനിറ്റ് -608 രൂപ, കോട്ടയം-കാസർകോട്-393 കി.മീ.- രണ്ടുമണിക്കൂർ 52 മിനിറ്റ്-1080 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.