‘പൊളിക്കണം’, ‘പൊളിക്കരുത്’; സമരമുഖമായി ആകാശപാത
text_fieldsകോട്ടയം: ഇടത്-വലത് മുന്നണികളുടെ പ്രത്യക്ഷസമരത്തിന് സാക്ഷിയായി ആകാശപാത. വർഷങ്ങളായി നഗരത്തിൽ മുടങ്ങിക്കിടക്കുന്ന വികസനത്തിന്റെ അവശേഷിപ്പായ ആകാശപാതക്ക് സമീപമാണ് സി.പി.എമ്മും യു.ഡി.എഫും കൊമ്പുകോർത്തത്.
ആകാശപാത പൊളിക്കരുതെന്ന ആവശ്യവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉപവാസസമരവും ആകാശപാത പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി സി.പി.എം കോട്ടയം ഏരിയ കമ്മoറ്റിയുടെ നേതൃത്വത്തിൽ ജനകീയമാർച്ചും നടത്തി. നഗരസഭയുടെ മുന്നിൽ പ്രത്യേകം സജ്ജമാക്കിയ സമരപ്പന്തലിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തിയത്. രാവിലെ 9:30ന് ആരംഭിച്ച ഉപവാസസമരം വൈകിട്ട് ആറ് മണിയോടെയാണ് സമാപിച്ചത്.
ജില്ലയിലെ ഇടത്-വലത് നേതാക്കളുടെ ഏറെ നാളുകൾ നീണ്ട വാക്പോരിന്റെ പ്രതിഫലനമായിരുന്നു ശനിയാഴ്ച നടന്ന ഇരുമുന്നണികളുടെയും പ്രത്യക്ഷസമരം. അതേസമയം, ഉപവാസസമരത്തിനെതിരെ ആക്ഷേപവുമായി സി.പി.എം നേതൃത്വവും രംഗത്തുവന്നു.
നഗരസഭാ കവാടം പൂർണമായും കെട്ടിയടച്ചും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുമാണ് യു.ഡി.എഫിന്റെ സമരമെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.
കോട്ടയത്തിന് നാണക്കേടായി നിൽക്കുന്ന ഉരുക്ക് റൗണ്ടുകൾ ജനങ്ങളിൽ ഭീതിയുയർത്തുകയാണെന്നും വർഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത എം.എൽ.എ ആകാശപാത പണിതീരാത്തതിന്റെ കുറ്റം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചും എം.എൽ.എയോട് 15 ചോദ്യങ്ങളുയർത്തിയാണ് ജനകീയ മാർച്ച് സംഘടിപ്പിച്ചത്.
സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപമെത്തിയ മാർച്ച് പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ ആകാശപാതയുടെ ചുവട്ടിൽ പടവലത്തൈ നട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മനുഷ്യാവകാശ കമീഷനിൽ പരാതി
കോട്ടയം: ആകാശപാതക്കെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി. ആകാശപാതയിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര കവചങ്ങൾ തുരുമ്പ് കയറി നശിച്ച് ഏതുനിമിഷവും താഴെവീണ് വഴിയാത്രക്കാർക്ക് അപകടം സംഭവിക്കുന്ന നിലയിലുമാണെന്നും ഇത് മനുഷ്യാവകാശലംഘനവുമാണെന്നും കർഷക യൂനിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്.ഹഫീസ് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.