ആകാശപ്പാത: സി.പി.എം എതിർപ്പ് രാഷ്ട്രീയ പ്രേരിതം; പദ്ധതിയുമായി മുന്നോട്ടുപോകും -കോൺഗ്രസ്
text_fieldsകോട്ടയം: ആകാശപ്പാതയുമായി മുന്നോട്ടുപോകുമെന്നും പദ്ധതിക്ക് തുരങ്കം വെക്കാനുള്ള സി.പി.എം ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജില്ല കോൺഗ്രസ് നേതൃത്വം. സി.പി.എമ്മിന്റെ എതിർപ്പ് രാഷ്ട്രീയ പ്രേരിതമാണ്. നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പാത നിർമിക്കാൻ തീരുമാനിച്ചത്. എല്ലാ സർക്കാർ വകുപ്പുകളുടെയും അനുമതി ലഭിച്ചശേഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. അശാസ്ത്രീയമാണ് നിർമാണമെങ്കിൽ സർക്കാർ വകുപ്പുകളുടെ അനുമതി ലഭിക്കുമായിരുന്നില്ല. സി.പി.എം പറയുംപോലെ പദ്ധതിക്കായി ഒരിഞ്ചുഭൂമിപോലും ഏറ്റെടുക്കേണ്ടതില്ല.
തിരുവഞ്ചൂർ കോട്ടയത്ത് നടത്തുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നീട്ടിക്കൊണ്ടുപോകാമെന്നല്ലാതെ, കോട്ടയത്തിന്റെ അഭിമാനപദ്ധതി ഇല്ലാതാക്കാൻ സർക്കാറിനോ ഗതാഗതവകുപ്പിനോ കഴിയില്ല. റോഡിൽ തൂൺ സ്ഥാപിച്ചെന്നും ഏച്ചുകെട്ടിയാണ് നിർമാണവുമെന്ന സി.പി.എം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പദ്ധതിയുടെ ഡിസൈൻ അങ്ങനെയാണ്. അത് അനുസരിച്ചുതന്നെയാണ് നിർമാണം.
പദ്ധതി അപ്രായോഗികമാണെന്ന് ഏജൻസികളൊന്നും റിപ്പോർട്ട് നൽകിയിട്ടില്ല. തുടർനിർമാണത്തിനായി ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് എം.എൽ.എ ഫണ്ടിൽനിന്ന് അധിക തുക അനുവദിക്കാമെന്ന് തിരുവഞ്ചൂർ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോഴത്തെ ഇടങ്കോലിടൽ. നേരത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനവും അട്ടിമറിക്കാൻ ശ്രമിച്ചു. ഡിപ്പോ നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ സർക്കാർ തയാറായില്ല. ഇതോടെ എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഡിപ്പോ കെട്ടിടം യാഥാർഥ്യമാക്കിയത്. കോടിമത രണ്ടാംപാലത്തിന്റെ നിർമാണത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ കച്ചേരിക്കടവ് വാട്ടർ ഹബ് കാട് കയറിക്കിടക്കുകയാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. ആ പദ്ധതിയുടെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ മലിനജലം ശുദ്ധീകരിക്കുന്നതടക്കമുള്ള പ്രവൃത്തികളുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് സി.പി.എം ആരോപണങ്ങൾ. ഈ പദ്ധതിക്കും പണം അനുവദിക്കാൻ സർക്കാർ തയാറായിട്ടില്ല. സി.പി.എമ്മിലെ ചില വ്യക്തികളുടെ താൽപര്യമാണ് തിരുവഞ്ചൂരിനെതിരെയുള്ള ആരോപണങ്ങൾ. അവരുടെ മോഹമൊന്നും അടുത്ത തെരഞ്ഞെടുപ്പിലും നടക്കില്ല. ഗതാഗതമന്ത്രിയുടെ വ്യക്തിപരമായ വിരോധവും തടസ്സവാദത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, യു.ഡി.എഫ് കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.