ആകാശപ്പാത; കോൺഗ്രസ് സമരത്തിന്
text_fieldsകോട്ടയം: ആകാശപ്പാതയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിന്. കോട്ടയം ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈമാസം ആറിന് ആകാശപ്പാതക്ക് സമീപം ഉപവാസം നടത്തും. പദ്ധതിക്കായി അനുവദിച്ച പണം ഇപ്പോഴും സർക്കാർ ഖജനാവിലുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ പണം ചെലവിട്ടാൽ മാത്രം മതി. പകരം പദ്ധതിയെ വാശിയോടെ ചവിട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആകാശപ്പാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണം. ലിഫ്റ്റ് സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതില്ല. പ്ലാൻ പരിശോധിച്ചാൽ അത് വ്യക്തമാകും. സി.പി.എമ്മിന്റെ 10 ചോദ്യങ്ങൾ മറുപടി പറയേണ്ട കാര്യമില്ല. ആദ്യം പദ്ധതി പൂർത്തീകരിക്കട്ടെ. ഇതിനായി സി.പി.എമ്മും സമ്മർദം ചെലുത്തണം. കോൺഗ്രസ് സമരത്തിൽ കോട്ടയത്തിന്റെ വികസനം ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം. കോട്ടയത്തിനൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂർ ആകാശപ്പാതകൾ പൂർത്തിയായി. കോട്ടയത്തേത് മാത്രം എന്തുകൊണ്ട് മുടങ്ങിക്കിടക്കുന്നുവെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്.
നിർമാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാതയെ ബിനാലെ കലാകാരൻ നിർമിച്ചതാണെന്ന് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കോട്ടയത്തെ ജനങ്ങളെ അപമാനിക്കുകയായിരുന്നു. ആകാശപ്പാത പൊളിക്കണമെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കണം. . റോഡ് വികസനത്തിന് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്ഥലം സർക്കാറിന് നൽകിയത് കോട്ടയത്തെ സാധാരണക്കാരായ ജനങ്ങളാണ്. മന്ത്രിക്ക് അതൊക്കെ പരിശോധിക്കാം. കാര്യങ്ങൾ പഠിക്കാൻ മന്ത്രി തയാറാകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ കൊല്ലാട്, ജയചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.