ബി.ജെ.പി മാർച്ചിൽ നേരിയ സംഘർഷം; സമരമുഖരിതമായി നഗരസഭ ഓഫിസ്
text_fieldsകോട്ടയം: പെൻഷൻ ഫണ്ട് തട്ടിപ്പിനെച്ചൊല്ലി നഗരസഭയിൽ ചൊവ്വാഴ്ചയും സമരം. എൽ.ഡി.എഫ് -യു.ഡി.എഫ് ഒത്താശ എന്നാരോപിച്ച് ബി.ജെ.പിയാണ് നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. പ്രതിരോധം മറികടന്ന് മുനിസിപ്പൽ കോമ്പൗണ്ടിനകത്തു കടന്ന പ്രവർത്തകർ ഓഫിസിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതോടെ ഓഫിസിനുമുന്നിൽ കുത്തിയിരുന്നു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടൗൺ ചുറ്റി നടന്ന പ്രകടനം നഗരസഭ മുന്നിലെത്തിയപ്പോൾ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി പൊലീസ് തടഞ്ഞിരുന്നു. പൊലീസും പ്രവർത്തകരും ഗേറ്റിൽ ബലപ്രയോഗം നടത്തിയതോടെ ചങ്ങല പൊട്ടി. ഗേറ്റ് തുറന്ന് അകത്തേക്കോടിക്കയറിയ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ഓഫിസിലേക്ക് കയറുന്ന ഇടുങ്ങിയ ചവിട്ടുപടിയിൽ വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പൊലീസിനും എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരെ മുദ്രാവാക്യം വിളികളുമായി ഓഫിസിനുമുന്നിൽ പ്രതിഷേധിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻ ലാൽ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. എസ്. ജയസൂര്യൻ, ബി.ജെ.പി മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ, ജില്ല ജനറൽ സെക്രട്ടറി എസ്. രതീഷ്, ജില്ല സെക്രട്ടറിമാരായ ലാൽ കൃഷ്ണ, സോബിൻ ലാൽ, ജില്ല വൈസ് പ്രസിഡന്റും കൗൺസിലറുമായ റീബ വർക്കി, മുനിസിപ്പൽ പാർലമെൻററി പാർട്ടി നേതാവ് വിനു ആർ. മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. ശങ്കരൻ, സി.കെ. സുമേഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയും എൽ.ഡി.എഫും സമരം നടത്തിയിരുന്നു.
എൽ.ഡി.എഫ് ഉപരോധിക്കാൻ കാത്തുനിന്നു; ചെയർപേഴ്സൻ വന്നില്ല
കോട്ടയം: നഗരസഭയിലെ സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച് ചെയർപേഴ്സനെ ഉപരോധിക്കാൻ കാത്തുനിന്ന് മടുത്ത് എൽ.ഡി.എഫ് കൗൺസിലർമാർ. വിവരം മുൻകൂട്ടി അറിഞ്ഞ ചെയർപേഴ്സൻ നഗരസഭയിലെത്തിയത് ഏറെ വൈകി. ചൊവ്വാഴ്ച ബി.ജെ.പിയുടെ പ്രതിഷേധമായിരുന്നു ആദ്യം നഗരസഭയിൽ അരങ്ങേറിയത്. അതിനുശേഷം ചെയർപേഴ്സനെ ചേംബറിൽ ഉപരോധിക്കാനായിരുന്നു എൽ.ഡി.എഫ് തീരുമാനം.
എന്നാൽ ബി.ജെ.പിയുടെ സമരം അറിഞ്ഞതോടെ ചെയർപേഴ്സൻ നഗരസഭയിലെത്തിയില്ല. ഏറെ നേരം കാത്തുനിന്ന് എൽ.ഡി.എഫ് കൗൺസിലർമാർ നിരാശരായി മടങ്ങി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം. ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയെങ്കിലും ചെയർപേഴ്സൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ഉപരോധിക്കാൻ എൽ.ഡി.എഫ് കൗൺസിലർമാർ എത്തിയിരുന്നെങ്കിലും ചെയർപേഴ്സൻ മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് മുങ്ങുകയായിരുന്നു.
‘സെക്രട്ടറിക്ക് നിരുത്തരവാദ സമീപനം’
കോട്ടയം: പെൻഷൻ ഫണ്ട് തട്ടിപ്പിൽ നഗരസഭ സെക്രട്ടറിയുടെ നിരുത്തരവാദപരമായ സമീപനം അപലപനീയമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.
നഗരസഭയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ തട്ടിപ്പിനെതിരെ പരസ്യമായി സമരത്തിന് വന്നത് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിനും തട്ടിപ്പ് മൂടി വെക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും ലിജിൻ ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.