റബർ ഉൽപാദനത്തിൽ നേരിയ വർധന; ഉപഭോഗത്തിൽ കുറവും
text_fieldsകോട്ടയം: കോവിഡ് നിയന്ത്രണമടക്കം പ്രതിബന്ധങ്ങളേറെയുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം റബർ ഉൽപാദനത്തിൽ നേരിയ വർധന. 2019-20നെക്കാൾ 0.4 ശതമാനം ഉൽപാദനം വർധിച്ചപ്പോൾ ഉപഭോഗം ഗണ്യമായി കുറഞ്ഞു.
2019-20ൽ റബർ ഉൽപാദനം 7.12 ലക്ഷം ടണ്ണായിരുന്നു. 20-21ൽ 7.15 ലക്ഷം ടണ്ണും. എന്നാൽ, ഉപഭോഗം11.34 ലക്ഷം ടണ്ണിൽനിന്ന് 10.96 ലക്ഷം ടണ്ണായി കുറഞ്ഞു. ഇതോടെ ഇറക്കുമതിയിലും നേരിയ കുറവുണ്ടായി. 2019-20ൽ 4.57 ലക്ഷം ടൺ റബർ ഇറക്കുമതി ചെയ്തപ്പോൾ ഇക്കൊല്ലം 4.13 ലക്ഷം ടണ്ണായി കുറഞ്ഞു. ഉൽപാദനവും വിപണനവും കുറഞ്ഞതിെൻറ നേട്ടം ടയർ കമ്പനികൾക്ക് മാത്രമായി. ലോക്ഡൗണും മഴയും മൂലം വ്യാപാരം ഭാഗികമായി നിലച്ചതോടെ ലക്ഷക്കണക്കിന് ടൺ റബർ കെട്ടിക്കിടക്കുകയാണ്. ഇത് ചെറുകിട റബർ കർഷകരെ പ്രതിസന്ധിയിലാക്കി.
ആയിരക്കണക്കിന് വ്യാപാരികൾക്കും ഇത് പ്രതികൂലമായി. ഇക്കൊല്ലം റബർ കയറ്റുമതിയിലും കുറവുണ്ടായി. കഴിഞ്ഞ വർഷം 12,872 ടണ്ണായിരുന്ന കയറ്റുമതി ഇക്കുറി 11,324 ടണ്ണായി കുറഞ്ഞു. അതേസമയം, എല്ലാ പ്രതിസന്ധിയും നേരിട്ടിട്ടും റബർ ഉൽപാദന േമഖല തളരാതെ പിടിച്ചുനിന്നെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.
കൃത്യസമയത്ത് മരങ്ങൾ റെയിൻഗാർഡ് ചെയ്തതും വിളവെടുക്കാൻ കഴിയാതെകിടന്ന തോട്ടങ്ങൾ ടാപ്പ് ചെയ്യാൻ കഴിഞ്ഞതും ബഹുഭൂരിപക്ഷം കർഷകരും സ്വയം റബർ ടാപ്പ് ചെയ്യാൻ മുന്നോട്ടുവന്നതും ഉൽപാദന വളർച്ചക്ക് കാരണമായി. പ്രതിസന്ധിക്കിടയിലും കർഷകർക്ക് ആശ്വാസമേകാൻ റബർ ബോർഡിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിത ആഭ്യന്തര ഉപഭോഗം 10.96 ലക്ഷം ടണ്ണും ഉൽപാദനം 7.15 ലക്ഷം ടണ്ണുമാണ്. ഉപഭോഗവും ഉൽപാദനവും തമ്മിലെ വിടവ് കുറച്ച് ഇറക്കുമതി കുറക്കാനുള്ള ശ്രമത്തിലാണ് ബോർഡ്. വിലസ്ഥിരതയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഉപഭോഗവും ഉൽപാദനവും തമ്മിലെ അന്തരം തുടരുന്ന സാഹചര്യത്തിൽ റബർ ഇറക്കുമതിക്ക് കേന്ദ്രം ഉടൻ തയാറാകില്ലെന്ന സൂചനയാണ് ബോർഡ് നൽകുന്നത്. ഉൽപാദനം വർധിപ്പിച്ച് അസംസ്കൃത റബറിെൻറ കമ്മി കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബോർഡ്. ഇതിന് കർഷകരെ പ്രാപ്തരാക്കുമെന്നും എക്സി. ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.