എന്ന് ദൈവത്തിന്റെ സ്വന്തം നേവിസ്: അവയവങ്ങൾ സ്വീകരിച്ച വ്യക്തികളുടെ സമാഗമം ഹൃദ്യമായി
text_fieldsകോട്ടയം: ഏഴുപേരിൽ ജീവിക്കുന്ന നേവിസിന്റെ സാന്നിധ്യം തൊട്ടറിഞ്ഞ് മാതാപിതാക്കളായ ഷെറിനും സാജനും, കൂടെ സഹോദരങ്ങളായ എൽവിസും വിസ്മയയും. അവയവദാനം നടത്തിയ കുടുംബവും വ്യക്തിയും തമ്മിലുള്ള കണ്ടുമുട്ടൽ പതിവാണെങ്കിലും വിവിധ അവയവങ്ങൾ സ്വീകരിച്ച വ്യക്തികളുടെ സമാഗമം ആദ്യമായിരുന്നു. നേവിസിന്റെ ഇടത്തേ വൃക്ക സ്വീകരിച്ച പതിനേഴുകാരനായ അൻഷിഫ് മുതൽ നേത്രപടലങ്ങളിലൊന്ന് സ്വീകരിച്ച എഴുപതുകാരി ലീലാമ്മ തോമസിലും വരെ തന്റെ മകന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞു ഷെറിൻ. സ്വന്തം മകനെ ചേർത്തുപിടിക്കുന്നതുപോലെയായിരുന്നു ആ മാതാവിന്റെ ഓരോ സ്പർശനവും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അവയവം സ്വീകരിച്ചവരെല്ലാം കുടുംബസമേതമാണ് ഒത്തുചേർന്നത്.
നേവിസിന്റെ മാതാപിതാക്കളെ 'മമ്മാ... പപ്പാ...' എന്നാണ് താൻ വിളിക്കുന്നതെന്ന് നേവിസിന്റെ ഇടത്തേ വൃക്ക സ്വീകരിച്ച മലപ്പുറം വാഴക്കാട് സ്വദേശി അൻഷിഫ് അഷ്റഫ് പറഞ്ഞു. മാതാപിതാക്കളുമായി ഊഷ്മളബന്ധം നിലനിർത്താറുണ്ടെന്നും അവയവം സ്വീകരിച്ച ആറുപേരും തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അൻഷിഫ് കൂട്ടിച്ചേർത്തു. ജീവിതം അവസാനിച്ചെന്നു കരുതി നിരാശയിൽ കഴിയുകയായിരുന്ന തനിക്ക് പുതിയൊരു ജന്മം നൽകിയത് നേവിസാണെന്ന് കരൾ സ്വീകരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശി വിനോദ് ഓർമിക്കുന്നു. തന്റെ വീട്ടിന്റെ ചുവരിൽ ചിരിമായാത്ത നേവിസിന്റെ ചിത്രമുണ്ട്. തന്റെ കുടുംബം അനാഥമാകാതിരിക്കുന്നത് നേവിസ് കാരണമാണെന്നും വിനോദ് പറയുന്നു.
ഇടത്തരം കർഷക കുടുംബത്തിലെ അംഗമായിരുന്ന ബെല്ലാരി സ്വദേശി ബസവണ്ണക്കുണ്ടായ അപ്രതീക്ഷിത ആഘാതമായിരുന്നു വൈദ്യുതാഘാതമേറ്റ് കൈകൾ നഷ്ടപ്പെട്ടത്. റൈസ്മില്ലിൽ ബോയിലർ ഓപറേറ്ററായിരുന്ന ബസവണ്ണക്ക് 10 വർഷം മുമ്പാണ് അപകടം സംഭവിച്ചത്. രണ്ടുകൈകളുമില്ലാതെ കഴിഞ്ഞിരുന്ന 34കാരനായ ബസവണ്ണക്ക് ഇത് പുതിയ ജീവിതമാണ്. നേവിസും കുടുംബവും ദൈവതുല്യരെന്ന് ബസവണ്ണയും പിതാവും പറഞ്ഞു. നേവിസിന്റെ ഹൃദയതാളമാണ് കണ്ണൂർ സ്വദേശി പ്രേംചന്ദിനുള്ളിൽ. ഇപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിലേക്ക് എത്തുന്നുണ്ടെന്ന് പ്രേംചന്ദ് പറഞ്ഞു. കണ്ണൂർ വാരനാട് റിംസ് ഇന്റർനാഷനൽ സ്കൂളിലെ ഫിനാൻഷ്യൽ മാനേജറാണ് ഇദ്ദേഹം.
തിമിരം ബാധിച്ച് കാഴ്ചനഷ്ടപ്പെട്ട വാകത്താനം സ്വദേശിനി ലീലാമ്മ തോമസാണ് നേവിസിന്റെ വലത്തേ നേത്രപടലം സ്വീകരിച്ചത്. ലീലാമ്മയുടെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നത്രേ തനിക്ക് വെളിച്ചം കാണാൻ വഴികാട്ടിയായ കുടുംബത്തിനെ ഒരുനോക്ക് കാണുക എന്നത്. കഴിഞ്ഞ ബുധനാഴ്ച ഇവർ നേവിസിന്റെ കളത്തിപ്പടിയിലുള്ള വീട്ടിൽ പോകുകയും പ്രിയപ്പെട്ടവരെ കാണുകയും ചെയ്തു.
നേവിസിന്റെ ഇടത്തേ വൃക്കയാണ് തൃശൂർ ഇയ്യാൽ സ്വദേശിയായ എ.സി. ബെന്നി സ്വീകരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന ബെന്നി എട്ടു വർഷമായി വൃക്കസംബന്ധമായ രോഗത്തിന് ഡയാലിസിസ് ചെയ്തുവരുകയായിരുന്നു. പരിപൂർണമായ രോഗമുക്തിക്ക് തുടർച്ചയായി മരുന്ന് കഴിക്കേണ്ടതുണ്ട്. തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയാണ് നേവിസെന്നും ബെന്നി സ്മരിച്ചു.
നേവിസിന്റെ പേരിൽ ആരംഭിച്ച ജീവകാരുണ്യ സംഘടനയായ 'നുവോ ഫൗണ്ടേഷ'ന്റെ ലോഗോ പ്രകാശനവും അഞ്ഞൂറോളം ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാധനവും ജോസ് കെ. മാണി എം.പിയിൽനിന്ന് ആർച് ബിഷപ് തോമസ് മാർ കൂറിലോസ് സ്വീകരിച്ചു. ഫാ. മാത്യു ചന്ദ്രംകുന്നേൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, റോയ് ജോൺ, ഡോ. ജേക്കബ്, ഡോ. നന്ദകുമാർ, ഡോ. രാമചന്ദ്രൻ, ഡോ. സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.