മീനച്ചിലാറ്റിലെ മണ്ണുനീക്കൽ; തർക്കം, സംഘർഷം, അറസ്റ്റ്
text_fieldsകോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിലെ മണ്ണുനീക്കുന്നതിനെച്ചൊല്ലി തര്‍ക്കം. പാറമ്പുഴ വെള്ളൂപ്പറമ്പ് അര്‍ത്യാകുളം പിച്ചകശേരിമാലി കോളനിയോട് ചേര്‍ന്ന് മണ്ണെടുക്കാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധിച്ച കോട്ടയം നഗരസഭ കൗണ്‍സിലർമാരായ സാബു മാത്യു, ലിസി കുര്യന് എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മീനച്ചിലാറിന്റെ തീരത്തെ മണ്‍തിട്ടകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നടന്നുവരുകയായിരുന്നു. ജോലികളുടെ തുടക്കത്തില്‍ പേരൂര്‍ ഭാഗത്ത് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പൊലീസ് സംരക്ഷണയില്‍ ജോലി പുരോഗമിക്കുകയായിരുന്നു. ഉച്ചയോടെ പാറമ്പുഴ പിച്ചകശേരിമാലിയില് ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിക്കാതെ മീനച്ചിലാറിന്റെ തീരത്തെ മണൽ 500 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും എടുക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഇരുനൂറോളം പൊലീസുകാരും എത്തുകയായിരുന്നു.
നിലവിൽ 85 മീറ്റർ വീതിയും 40 അടി താഴ്ചയുമുള്ള പിച്ചകശേരി മാലി ഭാഗത്തെ മീനച്ചിലാറിന്റെ തീരത്ത് 50 മീറ്റർ മണൽ എടുക്കുമ്പോൾ പ്രദേശത്തെ മുപ്പത്തിയഞ്ചോളം വീടുകൾ ആറ്റിൽ പതിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണ് നീക്കുന്നതിനൊപ്പം വീടുകള്‍ക്ക് സംരക്ഷണ ഭിത്തി ഉറപ്പാക്കണമെന്നും ആഴംകൂട്ടുന്നതിന്റെ പേരിൽ അനധികൃതമായി മണ്ണ് നീക്കം ചെയ്യാനാണ് ശ്രമമെന്നും ഇവർ ആരോപിച്ചു.
എന്നാൽ, നദിയുടെ സ്വാഭാവിക ഒഴുക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മണ്ണെടുക്കുന്നതെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. സംരക്ഷണ ഭിത്തി കെട്ടാൻ നിലവിൽ പദ്ധതിയില്ലെന്നും ഇവർ പറഞ്ഞു. ഇതിന് വഴങ്ങാതിരുന്ന നാട്ടുകാർ വിഷയവുമായി ബന്ധപ്പെട്ട് കലക്ടർക്ക് നൽകിയ പരാതിയില്‍ തീര്‍പ്പാക്കിയശേഷം മണ്ണെടുക്കാമെന്ന് പറഞ്ഞു. ഇത് അംഗീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ മണ്ണെടുപ്പ് നടപടികളുമായി മുന്നോട്ടുപോയതോടെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി. വന്‍പൊലീസ് സന്നാഹത്തില്‍ കാവലിൽ പിന്നീട് മണ്ണെടുക്കുന്ന ജോലികള്‍ തുടര്‍ന്നു.
കൗണ്‍സിലർമാരെയടക്കം അറസ്റ്റ് ചെയ്തതറിഞ്ഞ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി. ഇതോടെ അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടു.
ഇതിനുപിന്നാലെ കൗൺസിലർമാരായ സാബു മാത്യുവും ലിസി കുര്യനും സമരസമിതി നേതാക്കളും പിച്ചകശേരിമാലിയിൽ സത്യഗ്രഹം ആരംഭിച്ചു. ഇതോടെ സ്ഥലത്തെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഖനനം നിർത്തിവെക്കാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പിന്നീട് നടന്ന പ്രതിഷേധ യോഗവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെയും ചർച്ച ചെയ്യാതെയും നടത്തുന്ന പ്രവർത്തനങ്ങളെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ചു. ലിസി കുര്യൻ, പി.എ. സലീം, പ്രിൻസ് ലൂക്കോസ്, ഫിൽസൺ മാത്യു, തോമസ് കല്ലാടൻ, കെ.ജെ. ജോസഫ്, ഷോബി ലൂക്കോസ്, ചിന്തു കുര്യൻ ജോയി, ജെ.ജി. പാലയ്ക്കലോടി, ജയ്മോൾ ജോസഫ്, ഷാജി ജോൺ, അരവിന്ദാക്ഷൻ നായർ, എ.ടി. തോമസ്, വർഗീസ് കുരുവിള, അജീഷ്, പോൾസൺ, ബൈജു വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.