എം.സി റോഡിലെ സൗരോർജ വിളക്കുകൾ ‘അണഞ്ഞിട്ട്’ അഞ്ചുവർഷം
text_fieldsകോട്ടയം: എം.സി റോഡിനെ പ്രകാശപൂരിതമാക്കാൻ സ്ഥാപിച്ച സൗരോർജ വിളക്കുകൾ നവീകരിക്കാൻ നടപടിയില്ല. ഏഴുവർഷം മുമ്പ് എം.സി റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ കെ.എസ്.ടി.പി സ്ഥാപിച്ച വഴിവിളക്കുകളാണ് നോക്കുകുത്തികളായത്. ജില്ലയിൽ ളായിക്കാട് മുതൽ പുതുവേലി വരെ നൂറിലധികം സോളാർ ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. സ്ഥാപിച്ച ആദ്യ രണ്ടുവർഷം ഇവ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് തകരാറിലാവുകയായിരുന്നു. ചെങ്ങന്നൂർ മുതൽ പട്ടിത്താനം വരെ 47 കിലോമീറ്ററിൽ 1300 സോളാർ ലൈറ്റുകളാണ് അന്ന് സ്ഥാപിച്ചത്. സൂര്യന്റെ വെളിച്ചം മങ്ങുന്നതോടെ പ്രകാശിച്ച് തുടങ്ങുന്ന ലൈറ്റുകൾ നേരം പുലരുമ്പോൾ അണയുന്ന തരത്തിലായിരുന്നു പ്രവർത്തനം.
ഓരോ 22 മീറ്ററിലും ഒരുപോസ്റ്റ് എന്ന നിലയിൽ സ്ഥാപിച്ച ഇവയുടെ ഒരുവർഷത്തെ അറ്റകുറ്റപ്പണിയുടെ ചുമതല കരാറുകാരനായിരുന്നു.
ലൈറ്റുകളുടെ മേൽനോട്ടവും ഇവർ തന്നെ നടത്തണമെന്നായിരുന്നു കരാർ. എന്നാൽ, ഈ കാലാവധി കഴിഞ്ഞതോടെ ഇവ വ്യാപകമായി തകരാറിലായി തുടങ്ങി. ഇരുമ്പ് പോസ്റ്റുകളിൽ 12 അടി ഉയരത്തിൽ പ്രത്യേകം സജ്ജീകരിച്ചിരുന്ന ഇരുമ്പ് പെട്ടിക്കുള്ളിലായിരുന്നു ബാറ്ററികൾ സ്ഥാപിച്ചിരുന്നത്.
അറ്റകുറ്റപ്പണി മുടങ്ങിയതോടെ ബാറ്ററികൾ സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടികൾ ദ്രവിച്ചു. ബോക്സിൽനിന്ന് ചിലയിടങ്ങളിൽ ബാറ്ററികളും നിലംപതിച്ചു. പലയിടങ്ങളിലും ബോക്സുകൾ പൂർണമായി ദ്രവിച്ച് നശിച്ചു. വലിയതോതിൽ ബാറ്ററികൾ മോഷണംപോകുകയും ചെയ്തു. ബാറ്ററി മോഷ്ടിച്ച ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലത് വാഹനങ്ങൾ ഇടിച്ച് തകർന്നുവീഴുകയും ചെയ്തു. ഇപ്പോൾ പല വിളക്കുകാലുകളിലും കാണാൻ കഴിയാത്തവിധം കാട്ടുവള്ളികൾ മൂടിയ നിലയിലാണ്.
ഇപ്പോൾ ഇരുട്ടകറ്റാൻ ചിലയിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ലൈറ്റുകൾ സ്ഥാപിക്കാത്ത ഭാഗങ്ങൾ ഇരുട്ടിലാണ്.
യഥാസമയം, അറ്റകുറ്റപ്പണി നടത്താത്തതാണ് വലിയതോതിൽ ഇവ തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മിക്കയിടങ്ങളിലും സോളാർ പാനലുകൾക്കും പോസ്റ്റുകൾക്കും കാര്യമായ തോതിൽ തകരാർ കാണാനില്ലെന്നും ഇവർ പറയുന്നു. ഇവയെങ്കിലും നശിപ്പിക്കുന്നതിനുമുമ്പ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. നിർമാണത്തിനുശേഷം റോഡ് പൊതുമരാമത്ത് വകുപ്പിന് കെ.എസ്.ടി.പി കൈമാറിയിരുന്നു. ഇതിനിടെ, എം.സി റോഡിലെ പാലങ്ങളിൽ ദേശീയപാത അതോറിറ്റി പുതുതായി സോളാർ വിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.