സ്കൂളുകളിൽ മേളക്കാലം; മൈതാനങ്ങളിൽ കളിയാരവം
text_fieldsകോട്ടയം: സ്കൂളുകൾക്കിനി മേളക്കാലം. കായിക, ശാസ്ത്ര, കലാമേളകൾക്കായി വിദ്യാലയങ്ങളിൽ ഒരുക്കങ്ങൾ തകൃതി. ഇതിനിടെ, മൈതാനങ്ങളിൽ കായികാരവം ഉയർന്നുകഴിഞ്ഞു. റവന്യൂ ജില്ല ഗെയിംസ് മത്സരങ്ങൾ ജില്ലയിലെ വിവിധ സ്കൂളുകളിലും സ്റ്റേഡിയങ്ങളിലുമായി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച മത്സരങ്ങൾ ചൊവ്വാഴ്ച അവസാനിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ മുഴുവൻ ഉപജില്ലകളിലെയും ഗെയിംസ് മത്സരങ്ങൾ പൂർത്തിയായിരുന്നു.
സംസ്ഥാനതലത്തിൽ ഗെയിംസ്,അത്ലറ്റിക്സ് മത്സരങ്ങൾ ഒരുമിച്ച് നടത്താനാണ് തീരുമാനമെങ്കിലും ജില്ലകളിൽ മുൻ വർഷങ്ങളിലേതുപോലെ രണ്ടായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പല ഇനങ്ങളുടെയും ദേശീയ മത്സരങ്ങൾ ഉടൻതന്നെ നടക്കുന്ന സാഹചര്യത്തിലാണ് നേരത്തെ ഗെയിംസ് മത്സരങ്ങൾ നടക്കുന്നതെന്നാണ് റവന്യൂ ജില്ല സ്പോർട്സ് സെക്രട്ടറി എബി ചാക്കോ പറഞ്ഞു. ഗെയിംസിന്റെ ഭാഗമായുള്ള നീന്തൽ മത്സരങ്ങൾ ഒക്ടോബർ 21ന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും.
ഒക്ടോബര്‍ 23 മുതൽ 25 വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് റവന്യൂ ജില്ല കായികമേള. ഇതിന് മുന്നോടിയായുള്ള ഉപജില്ല കായികമേളകൾക്ക് അടുത്തമാസം ആദ്യം തുടക്കമാകും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള മത്സരങ്ങൾ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ ഇത് സജീവമാകും.
നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലാണ് ശാസ്ത്രമേള നടക്കുന്നത്. കറുകച്ചാല്‍, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളാണ് പരിഗണനയില്‍. ഉപജില്ല ശാസ്ത്രമേളകള്‍ക്കും അടുത്തയാഴ്ച തുടക്കമാകും. നവംബര്‍ 20 മുതല്‍ 23വരെ തലയോലപ്പറമ്പിലാണ് ജില്ല കലോത്സവം. ജില്ല കലോത്സവത്തിന് മുന്നോടിയായുള്ള ഉപജില്ല കലോത്സവങ്ങള്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും.
അതിനിടെ, മേളകൾക്ക് അനുവദിക്കുന്ന സർക്കാർ വിഹിതം വർധിപ്പിക്കണമെന്നാവശ്യവും അധ്യാപകർ ഉയർത്തുന്നു. ഉപജില്ല കായികമേളക്ക് 75,000 രൂപയും ജില്ല കായികമേളക്ക് മൂന്നുലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വിഹിതം. ഉപജില്ല കലോത്സവത്തിന് രണ്ടുലക്ഷം രൂപയും ജില്ല കലോത്സവത്തിന് 40 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ശാസ്തമേളക്കും നാമമാത്ര വിഹിതമാണുള്ളത്. ശാസ്ത്രമേളക്കും കായികമേളക്കും ഓഫിഷ്യല്സിന് മാത്രം ഭക്ഷണം നല്കിയാല് മതി. കലോത്സവത്തിന് മത്സരാർഥികള്‍ക്കും ഭക്ഷണം നല്‍കണം. ഇത് വലിയ ചിലവാണുണ്ടാക്കുന്നത്. പലപ്പോഴും സർക്കാർ വിഹിതം തികയാറില്ല.
അതിനാൽ, ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും സ്പോണ്സര്മാരെയും സമീപിച്ചെങ്കില്‍ മാത്രമേ കലോത്സവ, കായിക, ശാസ്ത്രമേളകള്‍ക്ക് ഫണ്ട് കണ്ടെത്താനാകുകയുള്ളൂവെന്ന് അധ്യാപകർ പറഞ്ഞു. മേളകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറവായതിനാല്‍ പല സ്കൂളുകളും ഉപജില്ലകളും മേളകള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്നും ഇവർ പറയുന്നു. വിവിധ അധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ഇവരും ആവശ്യപ്പെടുന്നു. അതിനിടെ, മേളകള്‍ക്കുള്ള തുക കണ്ടെത്തുന്നതിന് കുട്ടികളിൽനിന്നും ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. ഒരു കുട്ടിയില്‍ നിന്നും 40 രൂപയാണ് വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.