വിരമിക്കുന്നില്ല ശ്രീദേവി; വനിതകൾക്കായി വാദിക്കാൻ ഇവിടെയുണ്ടാവും
text_fieldsകോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിെൻറ പ്രഥമാധ്യക്ഷ പി.എൻ. ശ്രീദേവി തിങ്കളാഴ്ച സർക്കാർ സർവിസിൽനിന്ന് വിരമിക്കും. വനിതസംവരണം വഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പദവിയിലെത്തിയ ഇവരുടെ ഒൗദ്യോഗികരംഗവും വനിതക്ഷേമ പ്രവർത്തനങ്ങളായത് യാദൃച്ഛികം. 22 വർഷത്തെ സേവനത്തിനുശേഷം വനിത പ്രൊട്ടക്ഷൻ ഓഫിസറായാണ് ശ്രീദേവി പടിയിറങ്ങുന്നത്. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം രൂപവത്കരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽനിന്ന് മത്സരിച്ചു ജയിച്ചാണ് 29ാം വയസ്സിൽ േബ്ലാക്ക്് പഞ്ചായത്ത് അധ്യക്ഷ ആയത്.
1999ൽ ജയിൽവകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് അധ്യക്ഷസ്ഥാനം രാജിെവച്ചു. നെയ്യാറ്റിൻകര ജയിലിൽ വനിത വാർഡർ ആയിട്ടായിരുന്നു ആദ്യനിയമനം. 2011 വരെ അവിെട ജോലി ചെയ്തു. തുടർന്ന് ജയിൽ ജീവനക്കാരുടെ സംഘടനയായ കേരള ജയിൽ സബോഡിനേറ്റ് ഓഫിേസഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായി. ജയിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും ജയിൽ ചട്ടങ്ങളും പരിഷ്കരിക്കാനുള്ള നിർേദശങ്ങൾ സമർപ്പിക്കുന്നതിന് ജയിൽ ഡി.ജി.പിയുടെ നേതൃത്വത്തിെല വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു.
ജീവനക്കാരുടെയും വനിത തടവുകാരുടെയും പ്രശ്നങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹരിക്കാനും സാധിച്ചു. ഇവരുടെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു ജയിൽ വനിതജീവനക്കാരുടെ വേഷം സാരിയിൽനിന്ന് പാൻറ്്സും ഷർട്ടുമായി മാറ്റണമെന്നത്. പൂജപ്പുര സെൻട്രൽ ജയിൽ, കോട്ടയം സ്പെഷൽ സബ്ജയിൽ, ആലപ്പുഴ സ്പെഷൽ സബ്ജയിൽ എന്നിവിടങ്ങളിലും ജോലിചെയ്തു. വിയ്യൂർ വനിതജയിൽ തുടങ്ങാൻ സ്പെഷൽ ഓഫിസറായി നിയമിച്ചതും ശ്രീദേവിയെ ആയിരുന്നു. 2011ൽ തസ്തികമാറ്റം വഴി സാമൂഹികക്ഷേമ വകുപ്പിലെത്തി. വനിത പ്രൊട്ടക്ഷൻ ഓഫിസറായി പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ജോലിചെയ്തു.
കോട്ടയത്ത് വനിത പ്രൊട്ടക്ഷൻ ഓഫിസറായിരിക്കെയാണ് കുമരകം പഞ്ചായത്തിൽ താൽക്കാലികമായി വൺ സ്റ്റോപ് സെൻറർ ആരംഭിച്ചതും ഏറ്റുമാനൂരിലും വാഴൂർ ബ്ലോക്ക് പഞ്ചായത്തിലും നിർഭയ വൺ സ്റ്റോപ് സെൻററിന് സ്ഥലം കണ്ടെത്തിയതും. വനിത-ശിശു വികസന വകുപ്പ് രൂപവത്കരിച്ചപ്പോൾ 20 മാസം ജില്ല വനിത-ശിശു വികസന ഓഫിസറുടെ അധിക ചുമതലയും നിർവഹിച്ചു. കലക്ടറേറ്റിൽ സ്വന്തമായി ആസ്ഥാനം ഉണ്ടായതും ശ്രീദേവിയുടെ കാലത്താണ്.
കുറഞ്ഞ കാലത്തിനിെട വനിതകൾക്കായി തനിക്കാവുന്ന കാര്യങ്ങൾ ചെയ്യാനായി എന്ന സംതൃപ്തിയോടെയാണ് പടിയിറക്കം. ഇതുകൊണ്ടും തീരുന്നില്ല. ഇതിനിെട, എൽഎൽ.ബി പൂർത്തിയാക്കി. ഇനി എൻറോൾ ചെയ്യണം. വക്കീൽക്കുപ്പായത്തിൽ വനിതകൾക്കായി വാദിക്കണം -ശ്രീദേവി പറയുന്നു. ഭർത്താവ് കെ.ജെ. ജയമോൻ. മകൻ ജെ. ശന്തനു പാലാ സെൻറ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.