സംസ്ഥാന ബജറ്റ്; കോട്ടയത്തിന് കിട്ടി, കിട്ടിയില്ല
text_fieldsകോട്ടയം: സംസ്ഥാന ബജറ്റ് റബർ കർഷകരെ നിരാശപ്പെടുത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളജിന് പ്രതീക്ഷ. സർക്കാർ മേഖലയിൽ മൂലകോശ ചികിത്സ തുടങ്ങാൻ തുക അനുവദിച്ചതാണ് പ്രധാന നേട്ടം. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതപഠനത്തിനും വിശദപദ്ധതി രേഖ തയാറാക്കാനും മറ്റുമായി 1.85 കോടി, വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന് ഒമ്പതു കോടി, പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഏഴുകോടി, സിപാസിന് നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായി മൂന്നുകോടി,
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് 57 കോടി, മീനച്ചിലാറിനു കുറുകെ അരുണാപുരത്ത് ചെറിയ ഡാമും റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കുന്നതിന് മൂന്നുകോടി, ആർ.ഐ.ഡി.എഫ് വായ്പ ഉൾപ്പെടെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് 12 കോടി, ശബരിമല മാസ്റ്റർപ്ലാൻ പ്രവർത്തന ചെലവുകൾക്ക് 27.60 കോടി, അഷ്ടമുടി, വേമ്പനാട്ടുകായൽ ടൂറിസം പദ്ധതിക്ക് രണ്ട് സോളാർ ബോട്ടുകൾ വാങ്ങാൻ അഞ്ചുകോടി എന്നിങ്ങനെ പദ്ധതികൾക്കാണ് തുക അനുവദിച്ചത്.
മെഡിക്കൽ കോളജിന് 1.50 കോടി അനുവദിച്ചു
മൂലകോശ/ അസ്ഥിമജ്ജ മാറ്റിവെക്കൽ ചികിത്സ തുടങ്ങാൻ കോട്ടയം മെഡിക്കൽ കോളജിന് 1.50 കോടി അനുവദിച്ചു. തൃശൂർ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സ്ട്രോക് സെന്ററുകൾ സ്ഥാപിക്കുന്നതിന് 3.50 കോടി, മെഡിക്കൽ കോളജുകളിലെ ഉപകരണങ്ങളുടെ എ.എം.സി ചെലവുകളിലേക്കായി 25.70 കോടി, കോഴിക്കോട്, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ഓങ്കോളജി വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബുദ ചികിത്സ ഉപകരണങ്ങൾ വാങ്ങാൻ 14 കോടി, മെഡിക്കൽ കോളജ് ആശുപത്രികളിലെ മാലിന്യസംസ്കരണ പദ്ധതിക്ക് 13 കോടി എന്നിവയിലും കോട്ടയം മെഡിക്കൽ കോളജിന് വിഹിതം ലഭിക്കും.
റബർ കർഷകർക്ക് വല്ലാത്ത താങ്ങ്
കോട്ടയം: റബർ താങ്ങുവിലയിലെ 10 രൂപ വർധനകൊണ്ട് കാര്യമില്ലെന്ന് കർഷകർ. 250 രൂപ ആക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. അത്രയില്ലെങ്കിലും 200 രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധികാലത്ത് ആശ്വാസമായേനെ.
സാമ്പത്തിക പരിമിതികൾക്കിടയിലും താങ്ങുവില 180 രൂപയായി വർധിപ്പിക്കുന്നു എന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. നിലവിൽ താങ്ങുവില 170 രൂപയാണ്. ആര്.എസ്.എസ് 4 ഗ്രേഡ് റബറിന് തിങ്കളാഴ്ചയിലെ വില 165 രൂപയും. അടുത്ത വിലസ്ഥിരത പദ്ധതി ജൂലൈയിലാണ് ആരംഭിക്കുക. രാജ്യന്തര വില ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില് ജൂലൈ ആകുമ്പോഴേക്കും വില 180 രൂപ ആകാൻ സാധ്യതയുണ്ട്.
പിന്നെ ഈ വർധനകൊണ്ടെന്ത് കാര്യമെന്നാണ് കർഷകരും വ്യാപാരികളും ചോദിക്കുന്നത്. വില സ്ഥിരത പദ്ധതിക്ക് വൻതുകകൾ എല്ലാ ബജറ്റിലും അനുവദിക്കാറുണ്ടെങ്കിലും ഒരിക്കൽപോലും പൂർണമായി തുക ചെലവഴിച്ചിട്ടില്ല. എട്ട് ബജറ്റിലായി 1100 കോടി അനുവദിച്ചതിൽ ആകെ ചെലവഴിച്ചത് 200 കോടിയിൽ താഴെ മാത്രമാണ്.
താങ്ങുവില ഉയർത്തിയാലേ ഈ തുക പ്രയോജനപ്പെടുത്താനാവൂ. ഒരു കിലോ റബർ ഉൽപാദിപ്പിക്കാൻ 200 രൂപ ചെലവുണ്ടെന്നാണ് കർഷകർ പറയുന്നത്.
താങ്ങുവില 250 രൂപ ആക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നേതാക്കൾ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.