ജില്ല അതിർത്തികളിൽ കർശന പരിശോധനയുമായി സ്റ്റാറ്റിക് സർവയ്ലൻസ് സംഘം
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നിയമലംഘനങ്ങൾ തടയാൻ ജില്ല അതിർത്തികളിൽ പരിശോധന കർശനമാക്കി സ്റ്റാറ്റിക് സർവെയ്ലൻസ് സംഘങ്ങൾ. മാർച്ച് 27 മുതൽ ജില്ല അതിർത്തികളിൽ 24 മണിക്കൂറും സംഘം സജീവമാണ്. ജില്ലയിലേക്ക് പ്രവേശിക്കുന്ന 28 ഇടങ്ങളിലാണ് 84 സംഘാംഗങ്ങൾ സദാ ജാഗരൂഗരായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളായാണ് പരിശോധന സംഘത്തിന്റെ പ്രവർത്തനം.
ഒരു ടീം ലീഡർ, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഒരു ടീമിൽ. പരിശോധനയുടെ ദൃശ്യങ്ങൾ മുഴുവൻ കാമറയിൽ പകർത്തുന്നുണ്ട്. വാഹനത്തിലും സംഘം പ്രവർത്തിക്കുന്ന പന്തലിലും സി.സി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ പണം, അനധികൃത മദ്യം എന്നിവ കടത്തുന്നതും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനാണ് സ്റ്റാറ്റിക് സർവെയ്ലൻസ് സംഘങ്ങളെ നിയോഗിച്ചത്. സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ദിവസേനയുള്ള റിപ്പോർട്ട് പൊലീസ് സൂപ്രണ്ടിനും പകർപ്പ് റിട്ടേണിങ് ഓഫിസർ, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവർക്കും സമർപ്പിക്കണം
ഇലവീഴാപൂഞ്ചിറ ടോപ്പ്, കാഞ്ഞിരം കവല, നീർപാറ, പ്ലാച്ചേരി, ഇടകടത്തി, വഴിക്കടവ്, പൂത്തോട്ട, തണ്ണീർമുക്കം ബണ്ട്, ളായിക്കാട്, എ.സി. റോഡ് പെരുന്ന, മുക്കൂട്ടുതറ, കല്ലേൽപ്പാലം, നെല്ലാപ്പാറ, ചെറുകരപ്പാലം, ഏന്തയാർപ്പാലം, പായിപ്പാട്, പുളിക്കൻപാറ, തോപ്പിൽക്കടവ്, പുതുവേലി, ടി.ആർ.ആൻഡ് ടീ എസ്റ്റേറ്റ് കൊമ്പുകുത്തി, ഇളംകാട് പാലം, കറുകച്ചാൽ, വഞ്ചികപ്പാറ, പെരുംകുറ്റി, അഴുതയാർ പാലം, കൂട്ടിക്കൽ ചപ്പാത്ത്, കണമലപ്പാലം, കുളമാവുംകുഴി എന്നിവിടങ്ങളിലാണ് സ്റ്റാറ്റിക് സർവെയ്ലൻസ് ടീം പ്രവർത്തിക്കുന്നത്.
മതിയായ രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും ലഹരിമരുന്ന്, പുകയില ഉൽപന്നങ്ങൾ, നിയമാനുസൃതമല്ലാത്ത മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച് പരാതിയുള്ളവർക്ക് കലക്ടറേറ്റിലെ അപ്പീൽ കമ്മിറ്റിയിൽ അപ്പീൽ ഫയൽ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.