നഗരം കൈയടക്കി ശ്വാനസംഘം: ഭീതിയിലാണ് ജനം
text_fieldsകോട്ടയം: നഗരത്തിൽ തെരുവുനായ് ശല്യം തുടർക്കഥയാവുമ്പോഴും പരിഹാരം കണ്ടെത്താതെ അധികൃതർ. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയായ മാണിക്കുന്നം, വേളൂർ, തിരുവാതുക്കൽ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം അതിരൂക്ഷമാണ്. മാണിക്കുന്നം, ഇല്ലിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ബസ് സ്റ്റോപ്പുകളും പൊതുപരിസരങ്ങളും തെരുവുനായ്ക്കൾ കൈയടക്കി. വിദ്യാർഥികൾ തെരുവുനായ്ക്കളുടെ ഭീഷണിയിൽ വഴിനടക്കാനാവാതെ ബുദ്ധിമുട്ടുമ്പോഴും നഗരസഭ ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ നിസ്സംഗത പാലിക്കുകയാണ്. വഴിയരികിലെ മത്സ്യക്കടകളുടെ മുന്നിലാണ് പ്രധാനമായും ഇവറ്റകൾ തമ്പടിക്കുന്നത്. ഭക്ഷണത്തിന്റെ ലഭ്യത ഇവറ്റകളുടെ എണ്ണം പെരുകാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്.
വീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം തള്ളുന്നവരും ഇറച്ചി അടക്കമുള്ളവ നായ്ക്കൾക്ക് കൊടുക്കുന്നവരും ഇവറ്റകളുടെ എണ്ണം പെരുകാൻ കാരണമാകുന്നു. ചുങ്കം, സി.എം.എസ് സ്കൂൾ, നാട്ടകം, ഈരയിൽകടവ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡ് തുടങ്ങിയ ഒറ്റപ്പെട്ടതും പൊതുപ്രദേശങ്ങളും രാപ്പകൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പച്ചമാംസം നൽകുന്നതിലൂടെ മനുഷ്യർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ തെരുവുനായ്ക്കളിൽ പ്രവണതയുണ്ടാക്കുമെന്നും ആക്ഷേപമുണ്ട്.
ജില്ലയിൽ കോടിമതയിലെ ഏക എ.ബി.സി സെന്റർ പ്രവർത്തനരഹിതമായിട്ട് മൂന്നുമാസമായി. 1415 തെരുവുനായ്ക്കളെയാണ് ഇതുവരെ ഇവിടെ വന്ധ്യംകരിച്ചത്. മാർച്ചിലാണ് പ്രവർത്തനം നിലച്ചത്. പ്രോജക്ട് നിലച്ചതോടെ സെന്ററിന്റെ പ്രവർത്തനവും നിലച്ചു. മാസം 250 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എ.ബി.സി സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിന്റെ കാരണം ജില്ല വെറ്ററിനറി വകുപ്പിന്റെ അശ്രദ്ധയും പിടിപ്പുകേടുമാണെന്നാണ് നഗരസഭ അംഗങ്ങളുടെ വിശദീകരണം. അധികാരകേന്ദ്രങ്ങളുടെ പരസ്പര പഴിചാരലിലും തെരുവുനായ്ക്കളുടെ ആക്രമണത്തിലും വലയുകയാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.