തെരുവുനായ് ആക്രമണത്തിൽ മൂന്നിരട്ടി വർധന: ജില്ലയിൽ 11 മാസത്തിനിടെ കടിയേറ്റത് 21,974 പേർക്ക്
text_fieldsകോട്ടയം: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ മൂന്നിരട്ടി വർധനയെന്ന് കണക്കുകൾ. 2022 ജനുവരി മുതൽ നവംബർവരെ കടിയേറ്റത് 21,974 പേർക്ക്. 2021ലെ കണക്കുമായി ഇത് താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടി വർധനയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഒക്ടോബറിൽ കടിയേറ്റവരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. 3740 പേർക്കാണ് ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കടിയേറ്റിരിക്കുന്നത്.
ജനുവരി -2055, ഫെബ്രുവരി -1786, മാർച്ച് -847, ഏപ്രിൽ -2035, മേയ് -2017, ജൂൺ -2069, ജൂലൈ -1156, ആഗസ്റ്റ് -2113, സെപ്റ്റംബർ -2346, നവംബർ -1810 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം. പ്രതിദിനം ശരാശരി 75 പേർക്ക് കടിയേറ്റതായാണ് കണക്കുകൾ.നഗര-ഗ്രാമവ്യത്യാസമില്ലാതെ ജില്ലയിൽ തെരുവുനായ് ആക്രമണം രൂക്ഷമാണ്. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറെയും ജീവനക്കാരെയുമടക്കം നായ് കടിച്ചു. നേരത്തെയും ആശുപത്രി പരിസരത്ത് നായുടെ ആക്രമണശ്രമം നടന്നിരുന്നു. കൂട്ടമായെത്തുന്ന നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ വന്ധ്യംകരിക്കാനുള്ള എ.ബി.സി സെന്ററുകൾ തുറക്കുമെന്ന് പല തദ്ദേശസ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയിൽ ഒന്നുപോലും ഇതുവരെ സജ്ജമായിട്ടില്ല.പലയിടങ്ങളിലും കടിച്ച പല നായ്ക്കൾക്കും പേബാധയും സ്ഥിരീകരിച്ചിരുന്നു. കുറുനരികളാണ് ഇതിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. കുറുനരികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലായതിനാല്‍ പേബാധിച്ചാലും മരിക്കില്ല.
ഇങ്ങനെയുള്ളവ പേവിഷ വാഹകരാകുകയാണെന്ന് അധികൃതർ പറയുന്നു. നായ്ക്കളെയും മറ്റു മൃഗങ്ങളെയും ഇവ കടിക്കുമ്പോള്‍ അവയിലേക്കും രോഗം പടരും. നഗരങ്ങളിലടക്കം മാലിന്യം കൂന്നുകൂടുന്ന സ്ഥിതിയായതിനാൽ വൻതോതിൽ കുറുനരികൾ നാട്ടിലേക്ക് എത്തുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കാട്ടിലേക്കാൾ കൂടുതൽ ഭക്ഷണം നാട്ടിൽ കിട്ടുന്ന സ്ഥിതിയാണ്. ഇതോടെ ഇവയുടെ ഇഷ്ടകേന്ദ്രങ്ങളായി ജില്ലയുടെ പലഭാഗങ്ങളും മാറി. ഇവ തെരുവുനായ്ക്കളുമായി കടിപിടി കൂടുകയും ഇതിലൂടെ പേ നായ്ക്കളിലേക്ക് പടരുകയുമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എ.ബി.സി സെന്ററിനായി കാത്തിരിപ്പ്
കോട്ടയം: തെരുവുനായ് ശല്യം തുടർക്കഥയാകുമ്പോഴും എ.ബി.സി സെന്ററിനായി കാത്തിരിപ്പ്. കോടിമതയിൽ നവീകരണം പൂർത്തിയാക്കിയ സെന്റർ ഡിസംബർ 30ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ജനുവരി 15ന് കേന്ദ്രം തുറക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകളുടെ നിർമാണം പൂർത്തിയാകാത്തതാണ് തടസ്സമെന്നാണ് ജില്ല പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അനാസ്ഥയാണ് പദ്ധതിയുടെ ഉദ്ഘാടനം നീളാൻ കാരണമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഒരുദിവസം പത്ത് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിനായുള്ള ഓപറേഷൻ തിയറ്റർ അടക്കം സജ്ജമായിട്ടുണ്ട്. സർജൻ, സഹായി, നാല് അറ്റൻഡർമാർ, ശുചീകരണ സഹായി, മൂന്നു ഡോഗ് കാച്ചേഴ്സ് എന്നിവരാകും സെന്ററിലുണ്ടാകുക. ജില്ല പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റർ നവീകരിച്ചത്. ജില്ല പഞ്ചായത്ത് 75, 52,200 രൂപ അനുവദിച്ചിരുന്നു.
മെഡിക്കൽ കോളജ് പരിസരത്തുനിന്ന് 10 നായ്ക്കളെ പിടികൂടി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന് 10 തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടച്ചു. കഴിഞ്ഞ ദിവസം ഡോക്ടറും രണ്ടു ജീവനക്കാരുമടക്കം നാലുപേർക്ക് കടിയേറ്റിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം ആർപ്പൂക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ വാർഡ് മെംബർ അരുൺ ഫിലിപ്പിന്റെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടിയത്. ഒന്നിനെ പിടിക്കാൻ 3000 രൂപയാണ് ചെലവ്. ഇവയെ സംരക്ഷിക്കാൻ സംവിധാനം ഇല്ലാത്തതിനാലാണ് കൂടുതൽ നായ്ക്കളെ പിടിക്കാൻ കഴിയാത്തതെന്ന് അരുൺ ഫിലിപ്പ് പറഞ്ഞു. മെഡിക്കൽ കോളജ് പരിസരത്ത് ഒഴിഞ്ഞ ഭാഗത്ത് നായ്ക്കളെ സംരക്ഷിക്കാൻ കെട്ടിടം നിർമിക്കാൻ അവസരം അധികൃതർ ഉണ്ടാക്കിത്തരണമെന്നാണ് പഞ്ചായത്തിന്റെ അഭിപ്രായമെന്നും അരുൺ ഫിലിപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.