സർക്കാറിന് താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്
text_fieldsകോട്ടയം: തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തിയ സൂചന പണിമുടക്ക് സർക്കാറിനുള്ള താക്കീതായി മാറി. ജില്ലയിൽ 70 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായതായി സമരസമിതി നേതാക്കൾ അവകാശപ്പെട്ടു. ഭരണാനുകൂല സംഘടന പ്രവർത്തകരെ കുത്തിനിറച്ച ഭരണസിരാകേന്ദ്രത്തിലെ വിവിധ ഓഫിസുകളിൽ 30 മുതൽ 40 ശതമാനം വരെ ജീവനക്കാർ പണിമുടക്കിയപ്പോൾ ഗ്രാമപ്രദേശങ്ങളിലെ ഓഫിസുകൾ 80 ശതമാനത്തിലേറെ ജീവനക്കാർ പണിമുടക്കിയെന്ന് യു.ടി.ഇ.എഫ് ജില്ല ചെയർമാൻ രഞ്ജു കെ. മാത്യു, സെറ്റ്കോ ജില്ല ചെയർമാൻ നാസർ മുണ്ടക്കയം, സെറ്റോ ജില്ല കൺവീനർ ജോബിൻ ജോസഫ് എന്നിവർ പറഞ്ഞു.
തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെയാണ് പണിമുടക്ക്. കഴിഞ്ഞ നാല് വർഷമായി തടഞ്ഞുവെച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മൂന്ന് വർഷത്തെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനം അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധമേഖലയിലെ നാൽപതോളം സംഘടനകളാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തിയത്.
നിരവധി പഞ്ചായത്ത് ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. നിരവധി സ്കൂളുകളിൽ ടീച്ചർമാർ എത്താത്തതിനാൽ പ്രവർത്തനം നടന്നില്ല. ഐ.ടി.ഐകളിൽ 70 ശതമാനം ജീവനക്കാരും പണിമുടക്കി. വിവിധ എയ്ഡഡ് കോളജുകളിലും ക്ലാസ് നടന്നില്ല. പണിമുടക്കിയ ജീവനക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി.
കലക്ടറേറ്റിന് മുന്നിൽ ജീവനക്കാർ മൂന്ന് ഗേറ്റുകൾക്ക് മുന്നിലും പ്രകടനം നടത്തി. യോഗത്തിൽ യു.ടി.ഇ.എഫ് ജില്ല ചെയർമാൻ രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. സെറ്റോ അംഗ സംഘടന നേതാക്കളായ നാസർ മുണ്ടക്കയം, ജോബിൻ ജോസഫ്, വി.പി. ബോബിൻ, പി.ഐ. നൗഷാദ്, ഷാഹുൽ ഹമീദ്, റോണി ജോർജ്, സതീഷ് ജോർജ്, ജയശങ്കർ പ്രസാദ്, സോജോ തോമസ്, മനോജ് വി. പോൾ, ഷിജിനി മോൾ, എന്നിവർ സംസാരിച്ചു. പണിമുടക്കിയ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി. ഡയസ്നോൺ ഉത്തരവിനെയും അവഗണിച്ച് പണിമുടക്ക് വിജയിപ്പിച്ച ജീവനക്കാരെയും അധ്യാപകരെയും സമരസമിതി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.