സമരകേന്ദ്രമായി വീണ്ടും പാഡി ഓഫിസ്
text_fieldsനെൽകർഷക സംരക്ഷണ സമിതിയുടെയും യു.ഡി.എഫിന്റെയും
നേതൃത്വത്തിൽ പാഡി ഓഫിസ് ഉപരോധിക്കുന്നു
കോട്ടയം: തിരുവാർപ്പ് മാടേക്കാട് പാടശേഖരത്തെയും കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട് പാടശേഖരത്തിലെയും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ പാഡി ഓഫിസ് ഉപരോധിച്ചു.
വൈകീട്ട് അഞ്ചുമണിക്കുശേഷവും പാഡി മാർക്കറ്റിങ് ഓഫിസർ അടക്കം ജീവനക്കാരെ തടഞ്ഞുവെച്ചതിനെതുടർന്ന് പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് ഏറെനേരം വാക്കേറ്റത്തിനിടയാക്കി. പൊലീസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി. അടുത്ത ദിവസം മില്ലുകാരുമായി സ്റ്റേഷനിൽ ചർച്ച വെക്കാമെന്ന് വെസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞെങ്കിലും പാഡി ഓഫിസർ ഉറപ്പുപറയാതെ ഉപരോധം പിൻവലിക്കില്ലെന്ന് സമരക്കാർ പറഞ്ഞു.
മാടേക്കാട് പാടശേഖരത്തിൽ 175 ഏക്കറിലെ നെല്ല് രണ്ടു കിലോ കിഴിവിൽ മില്ലുകാർ എടുത്തിരുന്നു. എന്നാൽ, പിന്നീട് മില്ലുകാർ പിൻമാറി. രണ്ടാമതെത്തിയ മില്ലുകാർ 22 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. പരമാവധി അഞ്ചുകിലോ വരെ കിഴിവ് നൽകാൻ തങ്ങൾ തയാറാണെന്നും 22 കിലോ അനുവദിക്കാനാവില്ലെന്നുമാണ് കർഷകർ പറയുന്നത്. ഇനി ആറുലോഡ് നെല്ലാണ് ഇവിടെ എടുക്കാനുള്ളത്. തിരുവാർപ്പിൽ സംഭരണം നിർത്തിയ മില്ലുകാരെ കരിമ്പട്ടികയിൽപെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
മണ്ണങ്കര പാടശേഖരത്തിൽ നെല്ല് സംഭരണം തുടങ്ങിയിട്ടില്ല. 15 കിലോ കിഴിവാണ് ഇവിടെ ആവശ്യപ്പെടുന്നത്. പാഡി ഓഫിസറെ ഉപരോധത്തിനിടെ വനിത പൊലീസ് ഉദ്യോഗസ്ഥയും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ജോലി തടസ്സപ്പെടുത്തിയാൽ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്.
തീരുമാനമാവാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ച സമരക്കാർ പാഡി ഓഫിസിൽ കുത്തിയിരിപ്പ് തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, നെൽകർഷക സംരക്ഷണസമിതി ഭാരവാഹികളായ വി.ജെ. ലാലി, റജീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം. വെസ്റ്റ് പൊലീസ് സ്ഥലത്തുണ്ട്.
ദിവസങ്ങളായി കർഷകർ പാഡി ഓഫിസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട്. ശനിയാഴ്ച നെൽകർഷകസംരക്ഷണസമിതി ഓഫിസ് ഉപരോധിക്കുകയും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.