ബസിൽ വിദ്യാർഥികൾക്ക് വിലക്ക്; ജില്ലയിലും നിരവധി പരാതികൾ
text_fieldsകോട്ടയം: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങളിൽ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് ഏർപ്പെടുത്തിയ വാട്സ്ആപ് നമ്പറിലേക്ക് പരാതികൾ ഏറെ. ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുംവരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, കൺസെഷൻ നിഷേധിക്കുക എന്നിങ്ങനെ മോശം അനുഭവങ്ങൾ നേരിട്ടാൽ വാട്സ്ആപ് വഴി പരാതി അയക്കാനുള്ള സംവിധാനമാണ് വകുപ്പ് ഏർപ്പെടുത്തിയത്.
ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേകം വാട്സ്ആപ്പ് നമ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പറിലേക്ക് ജില്ലയിൽനിന്ന് ദിവസങ്ങൾക്കിടെ 10 പരാതികളാണ് ലഭിച്ചത്. ചങ്ങനാശ്ശേരി, പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ എന്നിവിടങ്ങളിൽനിന്നായിരുന്നു പരാതി. കൺസെഷനുമായി ബന്ധപ്പെട്ട് മോശം അനുഭവമുണ്ടായെന്നാണ് പരാതികളിൽ കൂടുതലും. ഇതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ ടോജോ എം.തോമസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പാലാ, കോട്ടയം, കറുകച്ചാൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരാതിയിൽ പരാമർശിക്കുന്ന ബസുടമകൾക്ക് താക്കീതും നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിലും പരിശോധന നടത്തിയിരുന്നു. പരാതികൾ അന്വേഷണം നടത്തി ശരിയാണെന്ന് തെളിഞ്ഞാൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആ.ടി.ഒ പറഞ്ഞു.
സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്രചെയ്യാൻ ബസുകളെയാണ് ആശ്രയിക്കുന്നത്. പലയിടങ്ങളിലും സ്കൂൾ ബസുകൾ സർവിസ് ആരംഭിച്ചിട്ടില്ല. ഇതോടെ നേരത്തേ സ്കൂൾ വാഹനങ്ങളെ ആശ്രയിച്ചിരുന്നവരും ഇപ്പോൾ സ്വകാര്യ ബസുകളിലാണ് യാത്ര.
ഭൂരിപക്ഷം ബസുടമകളും ജീവനക്കാരും വിദ്യാർഥികൾക്കുള്ള സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ, ചെറിയ വിഭാഗം ബസ് ജീവനക്കാരിൽനിന്നാണ് വിദ്യാർഥികൾക്ക് മോശം അനുഭവങ്ങളുണ്ടാകുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷനും നിർദേശിച്ചിരുന്നു.
അതേസമയം, കോവിഡിനുപിന്നാലെ പകുതിയോളം സർവിസുകൾ നിലച്ചതായും ബസുടമകൾ പറയുന്നു. പല ബസുകളും ഓടുന്നില്ല. അതിനാൽ ഓരോ ബസിലും കയറുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. ബസിൽ കുട്ടികൾ നിറഞ്ഞാൽ മറ്റ് യാത്രക്കാർ കയറില്ല. ഇത് വലിയ വരുമാനചോർച്ചക്കിടയാക്കുന്നുണ്ട്. പല ബസുകളിലും കയറ്റാവുന്നതിലപ്പുറം പേർ യാത്രചെയ്യുന്ന സ്ഥിതിയാണ്. ഇത് തകരാറിനിടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മുതിർന്നവർക്കായി സീറ്റുകളിൽനിന്ന് കുട്ടികൾ ഏഴുന്നേറ്റുമാറുന്നില്ല. ഇത്തരം നിലപാടുകൾ വിദ്യാർഥികൾ തിരുത്തണമെന്നും ഇവർ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സർവിസുകളുടെ എണ്ണം വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.