വേറിട്ട ആശയങ്ങളുമായി വിദ്യാർഥികൾ; സൃഷ്ടി അഖിലേന്ത്യ എൻജിനീയറിങ് പ്രദർശനം സമാപിച്ചു
text_fieldsകോട്ടയം: മാൻഹോളുകളിലും ഡ്രൈനേജുകളിലും വൃത്തിയാക്കുന്നതിനിടെ സംഭവിക്കാവുന്ന വിവിധ അപകടങ്ങൾക്ക് പരിഹാരമായി പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർഥികൾ. സൃഷ്ടി ദ്വിദിന അഖിലേന്ത്യാ എൻജിനീയറിങ് പ്രോജക്ട് പ്രദർശനത്തിലാണ് സ്യൂസ്കാവ് എന്ന ഡ്രൈനേജ് മാൻഹോൾ ക്ലീനർ അവതരിപ്പിച്ചത്. മനുഷ്യനെത്തപ്പെടാൻ സാധിക്കാത്ത മാൻഹോളുകളിലും ഡ്രൈനേജുകളിലുണ്ടാകുനന ബ്ലോക്കുകളും ശുദ്ധീകരിക്കാൻ നീണ്ട പൈപ്പ് ഘടിപ്പിച്ച മാനിപ്പുലേറ്റർ സഹായിക്കുന്നു. ഗതാഗത സൗകര്യത്തിനായി നാവിഗേറ്ററും ഉപയോഗിക്കുന്നു. രണ്ടര മീറ്ററോളം താഴ്ചയിൽ ആവശ്യമുള്ള മേഖലയിലേക്ക് പൈപ്പിന്‍റെ അഗ്രത്തെ ചലിപ്പിക്കാൻ കഴിയും. ഡ്രൈനേജുകളിലും മാൻഹോളുകളിലും തടസ്സപ്പെടുത്തിക്കിടക്കുന്ന ഏത് മാലിന്യവും നീക്കംചെയ്യാനും ഇതിൽ സൗകര്യമുണ്ട്.
പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എഞ്ചിനീയറിങ് കോളജിലെ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിഭാഗം അസി.പ്രൊഫസർ ഇ.ആർ ഹരിനാരായണന്‍റെ ഗൈഡൻസിൽ എം.ടെക് വിദ്യാർഥിയായിരുന്ന റോബിന്‍റെയും സംഘത്തിന്‍റെ കണ്ടുപിടിത്തമാണ് സ്യൂസ്കാവ് ഡ്രൈനേജ് മാൻഹോൾ ക്ലീനർ.
താരമായി അൻഫിൽ
വെള്ളത്തിൽ അപകടപ്പെട്ട് കിടക്കുന്നവരെ കരയിലേക്കെത്തിക്കാനുള്ള അൻഫിലിന്‍റെ കണ്ടുപിടിത്തമാണ് വീക്ഷ. ആരക്കുന്നം ടോക്ക് എച്ച്സ് എഞ്ചിനീയറിങ് കോളജിലെ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥിയാണ് അൻഫിൽ. വെള്ളത്തിൽ അപകടപ്പെട്ട് കിടക്കുന്നവരെ ഒരാൾ എത്തി രക്ഷിക്കുന്നതിന്‍റെ പത്തിൽ ഒന്ന് സമയം മതിയാവും വീക്ഷക്ക് എത്താൻ. 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഗാഡ്ജറ്റിനെ സ്പീഡ്ബോട്ടിന്റെ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. 85 കിലോ ഭാരം വരെ ഈ യന്ത്രം വഹിക്കും. ബോട്ടപകടം ഉണ്ടായാൽ സമീപത്തെ ഡ്രോണിലൂടെ ലഭിക്കുന്ന ജി.പി.എസ് ലൊക്കേഷന്‍റെ സഹായത്തോടെ വീക്ഷക്ക് അപകടമേഖലയിലെത്താൻ സാധിക്കും. പ്രളയത്തിൽ തന്‍റെ സുഹൃത്തിന്‍റെ പിതാവിനെയും, അധ്യാപികയുടെയും ജീവൻ നഷ്ടമായതോടെ മറ്റാരുടേയും ജീവൻ ഇതുപോലെ നഷ്ടപ്പെടാതിരുതെന്ന ആഗ്രഹത്തോടെയാണ് വീക്ഷയുടെ ജനനമെന്ന് അൻഫിൽ പറഞ്ഞു.
കർഷകനും കരംകൊടുത്ത്
ഒരു ക്ലിക്കിലൂടെ നിലം ഉഴുവാനും, വിത്ത് നടാനും വളവും തളിക്കുകയും മണ്ണിന്‍റെ പി.എച്ച് മൂല്യം അളക്കാനും തുടങ്ങിയ ജോലികൾ ചെയ്യാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞനുമായാണ് കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ യുവഎഞ്ചിനീയർ സംഘം എത്തിയത്. കാർഷികമേഖലയിലെ വേതനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലെ കർഷകരെ മുന്നിൽകണ്ടാണ് ഇവരുടെ കണ്ടുപിടിത്തം. കനിഷ്ക, ഗുരുപ്രിയ, അജയ്, വർഷിണി, ധരണി കൃഷ്ണ എന്നിവരാണ് ഈ യന്ത്രം കണ്ടുപിടിച്ചത്.
ഒരുതരി മണ്ണ് പോലും ഇല്ലാത്തവര്‍ക്കും കൃഷിയൊരുക്കാവുന്ന ഹൈഡ്രോപോഡ് സംവിധാനമാണ് ഈ രംഗത്തെ നൂതന ആശയം. കൃഷിഭൂമി കുറഞ്ഞുവരുന്ന കാലത്ത് കൃഷി ഒരു വെല്ലുവിളിയാണ്. ഇതിന് പരിഹാരം എന്ന വിധത്തില്‍ കണ്ടെത്തിയ ഹൈഡ്രോ പോണിക് ഫാമിംഗിനുമുണ്ട് ഏറെ വെല്ലുവിളികള്‍. ഒരേ തലത്തില്‍ കൃഷിചെയ്യുന്ന ഈ സംവിധാനത്തില്‍ ഏതെങ്കിലും ഒരു ചെടിക്ക് കീടബാധയുണ്ടായാല്‍ ഇതെ എല്ലാ ചെടികളെയും ബാധിക്കുന്ന സ്ഥിതിയുണ്ട്. ഹൈഡ്രോപോഡ് സംവിധാനത്തില്‍ കീടബാധ നിയന്ത്രിക്കപ്പെടും. പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്റില്‍ തട്ടുകളായാണ് ഇതിന്റെ സംവിധാനം. മോട്ടോര്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും ഇത് റൊട്ടേറ്റ് ചെയ്യപ്പെടും.
മുകളില്‍ എത്തുന്ന നിരയില്‍ മണിക്കൂറുകള്‍ ഇടവിട്ട് വെള്ളത്തിന്റെ പി.എച്ച്, താപനില, എന്നിവ പരിശോധിക്കുന്നതിന് സെന്‍സര്‍ സംവിധാനവും ഒരുക്കും. മാത്രമല്ല, ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഘടകങ്ങള്‍ ഓട്ടോമാറ്റിക്കായി നല്‍കാനുമുള്ള സംവിധാനമുണ്ട്. ചിലവ് കുറഞ്ഞ ഈ കൃഷി രീതിയില്‍ ഒരേ സമയം അഞ്ചിലേറെ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാനാവും. ഓരോ ആഴ്ചയിലും വിളവെടുപ്പും സാധ്യമാവും. ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തം കാർഷികമേഖലക്ക് കൈത്താങ്ങാവുമെന്നാണ് പ്രതീക്ഷ. കേരളത്തിന് പുറമേ ആന്ധ്രാ പ്രദേശ്, ഹൈദരാബാദ്, തമിഴ്നാട് യുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഫെസ്റ്റിവലിൽ മികവിന്‍റെ മാറ്റുരച്ചു. പ്രദർശനം ബുധനാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.