നേട്ടംകൊയ്യാൻ ഏജന്റുമാർ; കർഷകർക്ക് കിട്ടാക്കനിയായി സ്മാം പദ്ധതി
text_fieldsകോട്ടയം: കാർഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സ്മാം പദ്ധതി കർഷകർക്ക് കിട്ടാക്കനിയാകുന്നു. പദ്ധതിയിലൂടെ കർഷകസംഘങ്ങൾക്ക് സബ്സിഡി നിരക്കിൽ വാങ്ങുന്ന യന്ത്രങ്ങൾ എത്തുന്നത് ഏജന്റുമാരുടെ കൈകളിലെന്ന് വ്യാപകപരാതി.
ഇതിനു പിന്നിൽ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ആക്ഷേപമുണ്ട്. അഗ്രോവിഭാഗത്തിലെ കാലപ്പഴക്കം ചെന്ന കൊയ്ത്തുയന്ത്രങ്ങൾ ലേലം ചെയ്തപ്പോൾ വാങ്ങിയതും ഏജന്റുമാരാണ്. ഇവയിൽ ഭൂരിഭാഗത്തിനും കാര്യമായ കേടുപാട് ഉണ്ടായിരുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.
ഈ ലേലം നടന്നതോടെ കൊയ്ത്തുയന്ത്രങ്ങളുടെ സ്പെയർപാർട്സുകൾ വിൽക്കുന്ന കടകളും പ്രത്യക്ഷപ്പെട്ടു. കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ച തുക വൻതോതിൽ മാറ്റിവെച്ചത് കൊയ്ത്തുയന്ത്രങ്ങൾക്കാണ്.
കഴിഞ്ഞവർഷത്തെക്കാൾ ട്രാക്ടറിന് സബ്സിഡി ഇത്തവണ അനുവദിച്ചിരുന്നില്ലെന്നതും മറ്റൊരു വസ്തുതയാണ്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ട്രാക്ടറുകൾ പാറമടകളിലേക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചതും ഇത്തവണ ട്രാക്ടറിന് സബ്സിഡി ലഭിക്കാതിരിക്കാൻ കാരണമായി. കാർഷികമേഖലയിൽ ഏറ്റവും വില കൂടിയത് കൊയ്ത്തുയന്ത്രങ്ങൾക്കാണ്.
ഇതാണ് വ്യാപകമായി ഏറ്റവും വേഗത്തിൽ കൂടുതൽ തുക അനുവദിക്കാൻ കാരണം. അതേസമയം, പുല്ലുവെട്ടിയന്ത്രം, ചെറുകിട ട്രില്ലർ തുടങ്ങിയ യന്ത്രങ്ങൾക്കായി അപേക്ഷ നൽകിയ കർഷകർക്ക് ഇതുവരെയും തുക അക്കൗണ്ടിൽ എത്തിയിട്ടില്ല. നിലവിൽ കൃഷിവകുപ്പിന് കീഴിലുള്ള കൊയ്ത്തുയന്ത്രങ്ങളെല്ലാം സ്വകാര്യവ്യക്തികൾ അടങ്ങുന്ന ലോബിയുടെ കൈപ്പിടിയിലാണ്.
ലക്ഷ്യം പുഞ്ചകൃഷി
പുഞ്ചകൃഷി ലക്ഷ്യമിട്ട് കൊയ്ത്തുയന്ത്രങ്ങൾക്ക് അമിതവാടക ഈടാക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം ഏജന്റുമാരുടെ സംഘം. വിരിപ്പുകൃഷിയുടെ കൊയ്ത്ത് നടക്കുന്ന സമയത്താണ് യന്ത്രങ്ങളുടെ വാടക വർധിപ്പിക്കാനുള്ള ഇടനിലക്കാരുടെ ശ്രമം. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പുഞ്ചകൃഷി കൊയ്ത്ത് ആരംഭിക്കുന്നത്. കൊയ്ത്തിന്റെ ആരംഭഘട്ടത്തിൽ 2000 രൂപ മണിക്കൂറിന് എന്ന ചാർജ് 2400 ആക്കി വർധിപ്പിക്കാൻ ഏജന്റുമാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
കുമരകം, കല്ലറ, തലയാഴം, വെച്ചൂർ എന്നിവിടങ്ങളിലാണ് വിരിപ്പുകൃഷി നടക്കുന്നത്. കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുക ഏകീകരിക്കുന്നതിനായുള്ള ഏജന്റുമാരുടെയും കർഷകരുടെയും യോഗം വൈകുന്നതും കർഷകർക്ക് പ്രതികൂല സാഹചര്യമൊരുക്കുകയാണ്. യന്ത്രവത്കരണം നിലവിലെ കൂലി കുറക്കുന്നതിന് പകരം കർഷകരുടെ മേൽ ചൂഷണം നടത്താനുള്ള ഉപാധിയായാണ് ഏജന്റുമാർ സമീപിക്കുന്നത്. സർക്കാർ സബ്സിഡിയുള്ള യന്ത്രങ്ങൾക്ക് വാടക കുറവാണെന്നിരിക്കെ ഇടനിലക്കാരുടെ ചൂഷണം ഗുരുതരമാകുകയാണ്. ഫലത്തിൽ കോടികൾ മുടക്കി കാർഷികമേഖലയിലെ ചെലവ് കുറക്കാൻ സർക്കാർ കൊണ്ടുവന്ന യന്ത്രവത്കരണ പദ്ധതി കർഷകർക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.