മെഡിക്കൽ കോളജിന് ഓണസമ്മാനമായി ഭൂഗർഭപാത
text_fieldsകോട്ടയം: ഓണസമ്മാനമായി മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കാനുള്ള ഭൂഗർഭപാത തുറക്കും. കലക്ടറേറ്റിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിന് ഉദ്ഘാടനം ചെയ്യാൻ കഴിയുന്ന തരത്തിലാണ് നിർമാണം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭൂഗർഭപാതക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണ് നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭ പാതയിലൂടെയെത്തുന്നവർക്ക് ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ആശുപത്രി വികസനസമിതി ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച ശമ്പളപരിഷ്കരണ ഉപസമിതിയുടെ ശിപാർശകൾക്കും യോഗം അംഗീകാരം നൽകി. 2024 ജനുവരി പ്രാബല്യത്തിൽ ശമ്പളപരിഷ്കരണം നടപ്പാക്കാനാണ് നിർദേശം.
ആശുപത്രി വികസനസമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന പേയിങ് കൗണ്ടറിൽ ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നുകളും സർജറി ഉപകരണങ്ങളും വാങ്ങുന്നതിന് ഇ ടെൻഡർ മുഖേന റേറ്റ് കോൺട്രാക്ട് രൂപീകരിച്ചു നടപ്പാക്കും. പർച്ചേസുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് നടപ്പാക്കും.
ആശുപത്രിവികസന സമിതി, ന്യായവില മെഡിക്കൽ കൗണ്ടർ എന്നിവയുടെ ഓഡിറ്റർമാരുടെ കാലാവധി കഴിഞ്ഞതിനാൽ പുതിയ ഓഡിറ്റർമാരെ നിയമിക്കുന്നതിന് താൽപര്യപത്രം ക്ഷണിക്കും. ജീവനക്കാർക്ക് വിഷു, ദു:ഖവെള്ളി, ബക്രീദ് ദിവസങ്ങളിൽ നിയന്ത്രിതഅവധി അനുവദിക്കുന്നതിനുള്ള ശിപാർശയും യോഗം അംഗീകരിച്ചു. ആശുപത്രിയിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സബ് കമ്മിറ്റി ശിപാർശ ചെയ്ത നിരക്കുകൾ അംഗീകരിച്ചു.
മെഡിക്കൽ കോളജ് കാമ്പസിനുള്ളിലെ ആറു കുടുംബശ്രീ കഫേകളുടെ പ്രവർത്തനം ആശുപത്രിവികസന സമിതിയും കുടുംബശ്രീയും നിർദിഷ്ട കുടുംബശ്രീ യൂനിറ്റും തമ്മിലുള്ള ത്രികക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ തുടരും. നിലവിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിനുള്ള സാങ്കേതികതടസങ്ങൾ നീക്കും.ഇന്റർവെൻഷണൽ റേഡിയോളജി, ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്തേഷ്യ എന്നീ വിഭാഗങ്ങളിൽ ഒരു വർഷത്തെ ഫെലോഷിപ്പിന് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ആശുപത്രിവികസനസമിതി ഏറ്റെടുക്കുന്നതിനും യോഗത്തിൽ അംഗീകാരമായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആശുപത്രി വികസനസമിതി അധ്യക്ഷനായ ജില്ല കലക്ടർ ജോൺ.വി. സാമുവൽ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
വെന്റിലേറ്റർ ഉറപ്പാക്കാൻ പി.ആർ.ഒയെ ബന്ധപ്പെടണം
കോട്ടയം: മറ്റ് ആശുപത്രികളിൽ കഴിയുന്നാ, വെന്റിലേറ്റർ സഹായം ആവശ്യമുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോൾ വെന്റിലേറ്റർ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന് വെന്റിലേറ്റർ വിഭാഗത്തിലെ പബ്ലിക് റിലേഷൻസ് ഓഫിസറുമായി (പി.ആർ.ഒ.) ബന്ധപ്പെടണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 7025212233 എന്ന ഫോൺനമ്പറിൽ പി.ആർ.ഒയെ ബന്ധപ്പെടാം.
അവയവമാറ്റശസ്ത്രക്രിയ: ഡോക്ടർമാരെയും ജീവനക്കാരെയും ആദരിക്കും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമാനതകളില്ലാത്ത നേട്ടം നൽകിയ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ വകുപ്പുകളെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിക്കാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം.
ജില്ലപഞ്ചായത്തിന്റെയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിലാകും അനുമോദനയോഗം. പത്ത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും അഞ്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ കോട്ടയം മെഡിക്കൽ കോളജ് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.