ഹിറ്റാകാതെ ‘സുജലം’; ചൂടിലും തണുപ്പൻ വിൽപന
text_fieldsകോട്ടയം: ചൂടേറിയിട്ടും ചൂടപ്പംപോലെ വിറ്റഴിയാതെ റേഷൻ വെള്ളം. പത്ത് രൂപക്ക് റേഷൻ കടകൾ വഴി കുപ്പിവെള്ളം ലഭ്യക്കുന്ന ‘സുജലം’ പദ്ധതി മെല്ലെപ്പോക്കിൽ. വിവിധ താലൂക്കുകളിലായി 150ലധികം റേഷൻ കടകളിലൂടെ കുറഞ്ഞനിരക്കിൽ കുപ്പിവെള്ളം ലഭിക്കുമെങ്കിലും പദ്ധതിയോട് ജില്ല വലിയ താൽപര്യം കാട്ടുന്നില്ലെന്നാണ് കണക്കുകൾ.
പദ്ധതി ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ വിറ്റത് 3210 എണ്ണം മാത്രമാണ്. ഏറ്റവും കൂടുതൽ വിൽപന കാഞ്ഞിരപ്പള്ളിയിലാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 32 കടകളിലൂടെ 1290 കുപ്പികളാണ് വിറ്റിഴിച്ചത്. വൈക്കം താലൂക്കിലാണ് കുറവ്.
വേനൽ കടുത്തിട്ടും വിൽപന ഉയരാത്തത് പദ്ധതിക്ക് തിരിച്ചടിയായി. വെള്ളത്തിന് തണുപ്പില്ലാത്താണ് കച്ചവടം കുറയാനുള്ള കാരണമായി ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നത്. റേഷൻ കടകളിൽ ഫ്രീസറുകൾ ഇല്ലാത്തതിനാൽ തണുപ്പില്ലാതെയാണ് കുടിവെള്ള വിതരണം. പൊതുജനങ്ങൾക്ക് അറിവില്ലാത്തതും പദ്ധതിയെ ബാധിക്കുന്നുണ്ട്.
സ്ഥിരമായി റേഷൻ വാങ്ങാൻ എത്തുന്നവർക്ക് മാത്രമാണ് വെള്ളക്കച്ചവടത്തെക്കുറിച്ച് അറിവുള്ളത്. മുഴുവൻ റേഷൻ കടകളിലും കുപ്പിവെള്ളം ലഭിക്കാത്തതും പദ്ധതിയെ ബാധിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ ശുദ്ധമായ വെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് റേഷൻകട വഴി ‘സുജലം’ പേരിൽ കുപ്പിവെള്ള വിൽപന ആരംഭിച്ചത്.
പൊതുവിപണിയിൽ ഒരു ലിറ്റർ വെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ റേഷൻ കടകളിൽനിന്ന് 10 രൂപക്കാണ് കുപ്പിവെള്ളം നൽകുന്നത്. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി. ഇവരുടെ ‘ഹില്ലി അക്വാ’ പ്പിവെള്ളമാണ് ആവശ്യക്കാർക്ക് നൽകുന്നത്.
മണ്ഡലകാലത്താണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. ശബരിമല സീസൺ കണക്കിലെടുത്ത് ആദ്യഘട്ടമായി എരുമേലി നഗരത്തിലെ അഞ്ചിടത്തും കാനനപാതയിലെ ഒരിടത്തുമാണ് വിതരണം ആരംഭിച്ചത്. പിന്നാലെ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും കച്ചവടം ആരംഭിച്ചു.
നഗരങ്ങളിലെ വ്യാപാരികളാണ് കൂടുതലായി പദ്ധതിയുടെ ഭാഗമായത്. എന്നാൽ, വേണ്ടത്ര കച്ചവടമില്ലാത്തതിനാൽ തുടർഘട്ടങ്ങളിൽ പദ്ധതിയുടെ ഭാഗമാകാതെ വ്യാപാരികൾ വിട്ടുനിൽക്കുകയാണ്. ജില്ലയിൽ 938 കടകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും വിൽപന ആരംഭിച്ചിട്ടില്ല.
വ്യാപാരികൾക്ക് ഏട്ട് രൂപക്കാണ് ‘ഹില്ലി അക്വാ’ ലഭിക്കുന്നത്. ഇവർ ഓർഡർ നൽകുന്നത് അനുസരിച്ച് കമ്പനി വെള്ളം കടകളിൽ എത്തിച്ചുനൽകുകയാണ്. ഉടൻ കമ്പനിക്ക് പണം നൽകണമെന്ന വ്യവസ്ഥയും പലരെയും ഇതിൽനിന്ന് അകറ്റുന്നുണ്ട്. വിൽപന നടന്നില്ലെങ്കിൽ കൈയിൽനിന്ന് പണം നഷ്ടമാകുമോയെന്ന ആശങ്കയാണ് ഇതിന് കാരണം.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്ന സ്വകാര്യ കമ്പനികൾക്ക് മൂക്കുകയറിടാൻ ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. 2020ൽ സംസ്ഥാനത്ത് പൊതുവിപണിയിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി കുറച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കുപ്പിവെള്ള നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തൊട്ടുപിന്നാലെ കമ്പനികൾ 20 രൂപയായി വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.