എരിഞ്ഞ് പകൽ: കോട്ടയത്ത് താപനില 36 ഡിഗ്രിക്ക് മുകളിൽ
text_fieldsകോട്ടയം: ഈ മാസം ഒന്നുമുതൽ ജില്ലയിലെ താപനില 36 ഡിഗ്രിക്ക് മുകളിൽ. ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 36.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ചൂടിലുരുകുന്ന ജില്ലക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഈ മാസം മൂന്നിന് 38 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. രണ്ട്, 10, 11 തീയതികളിൽ ചൂട് 37 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. സാധാരണ ഈ ദിവസങ്ങളില്‍ അനുഭവപ്പെടേണ്ട ചൂട് 34.4 ഡിഗ്രിയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം മാര്‍ച്ചില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2020ലാണ്.
അന്ന് മാര്‍ച്ച് 18ന് പകല്‍ താപനില 38.6 രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 38 വരെയെത്തിയ ചൂട് ഇത്തവണ റെക്കോഡ് മറികടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. 2018 മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മാര്‍ച്ചില്‍ ചൂട് 38 ഡിഗ്രിക്ക് മുകളില്‍ വരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇതു 38.4ആയിരുന്നു. ഏതാനും വര്‍ഷമായി ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത് മാർച്ചിലാണ്. ഒമ്പതുവര്‍ഷമായി ചൂട് ഉയരുന്ന പ്രവണതയും കാണിക്കുന്നു. ചൂട് കൂടിയതോടെ രാവിലെ പത്തുമണിയോടെ തന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ഉച്ചസമയത്ത് ആളുകൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതായി. കാലാവസ്ഥയിലെ മാറ്റങ്ങളും ജനങ്ങളുടെ അസ്വസ്ഥത വര്‍ധിപ്പിക്കുന്നു. ഈ മാസം ആദ്യം രാത്രി തണുപ്പും പകല്‍ പൊള്ളുന്ന ചൂടുമായിരുന്നു. പിന്നീട്, കിഴക്കന്‍ മേഖലയില്‍ മഴ പെയ്തതിന് പിന്നാലെ രാത്രിയിലെ തണുപ്പുമാറി ഉഷ്ണം അനുഭവപ്പെട്ടുതുടങ്ങി.
ചൂട് കടുത്തു; പന്നഗം വറ്റിവരണ്ടു
കോട്ടയം: പന്നഗം തോട് വറ്റിവരണ്ടു. കഴിഞ്ഞ വർഷം വേനൽമഴ ധാരാളം കിട്ടിയതുമൂലം പന്നഗം വറ്റിയിരുന്നില്ല. ഇക്കുറി വേനൽ മഴയുടെ കുറവും തോട് നികന്നതും മൂലം വെള്ളം വറ്റി. നിരവധി കുടിവെള്ള പദ്ധതികളും കൃഷി പ്രവർത്തനങ്ങളും പന്നഗത്തിലെ വെള്ളത്തിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ, മഴ നിൽക്കുന്നതോടെ ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളം വറ്റുന്ന രീതിയാണ് പന്നഗത്തിൽ ഇപ്പോൾ കണ്ടുവരുന്നത്.
അമിതമായി അടിഞ്ഞ ചളിയും മണ്ണും കാരണം ജലം ശേഖരിച്ചുവെച്ചിരുന്ന കയങ്ങൾ നികന്നുപോയത് ക്ഷാമത്തിന് കാരണമായി പറയുന്നു. ജലം സംഭരിക്കാൻ നിർമിച്ച തടയണകൾ ചളിയടിഞ്ഞ് ഉപയോഗശൂന്യമായി. തടയണകളുടെ അശാസ്ത്രീയത പരിഹരിക്കാതെയും കയങ്ങൾ സംരക്ഷിക്കാതെയും ജലദൗർലഭ്യത്തിന് പരിഹാരം കാണാനാവില്ല എന്നാണ് ജനാഭിപ്രായം. കഴിഞ്ഞ പ്രളയത്തിൽ ഒഴുകിവന്ന പാഴ്മരങ്ങളും മറ്റ് മാലിന്യ വസ്തുക്കളും പലയിടത്തും അടിഞ്ഞതും ഇതുവരെ നീക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.