എം.ജിയിൽ ഫലം വരുന്നതിനുമുമ്പ് സപ്ലിമെന്‍ററി പരീക്ഷ!
text_fieldsകോട്ടയം: പരീക്ഷഫലം വരുന്നതിനുമുമ്പ് സപ്ലിമെന്‍ററി പരീക്ഷ! വിദ്യാർഥികളെ വെട്ടിലാക്കി എം.ജി സർവകലാശാല. 2018ലും ഇതിനുമുമ്പും പ്രവേശനം നേടിയ പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ മൂന്നും നാലും സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷക്കാണ് എം.ജി സർവകലാശാലയുടെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ, മറ്റ് പി.ജി വിഷയങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചെങ്കിലും എം.എസ്സി കണക്കിന്‍റെ മൂന്നും നാലും സെമസ്റ്റർ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ഇവർ ആശങ്കയിലായിരിക്കുകയാണ്. തോറ്റവിഷയം ഏതെന്ന് അറിയാതെ എങ്ങനെ സപ്ലിമെന്‍ററി പരീക്ഷക്ക് അപേക്ഷിക്കുമെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
എം.എ സോഷ്യോളജി വിദ്യാർഥികൾക്കും ഇത് പരീക്ഷണമായിരിക്കുകയാണ്. വാചാ പരീക്ഷക്ക് കൂട്ടത്തോൽവി നേരിട്ട് എം.എ സോഷ്യോളജി വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ നടത്തിയിട്ടില്ല. പുനഃപരീക്ഷ നടത്തിയാലേ സപ്ലിമെന്‍ററി പരീക്ഷക്ക് അപേക്ഷിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാൻ കഴിയൂ. എന്നാൽ, നടപടിയില്ല. അതിനിടെ, പുനഃപരീക്ഷ കാത്തിരിക്കുന്നവരും സപ്ലിമെന്‍ററി പരീക്ഷക്ക് അപേക്ഷ നൽകണമെന്നാണ് ബന്ധപ്പെട്ട സെക്ഷനിൽനിന്ന് അറിയിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പുനഃപരീക്ഷ നടക്കുകയാണെങ്കിൽ അതിൽ തോറ്റാൽ വീണ്ടും അപേക്ഷിക്കാൻ അവസരം കിട്ടില്ലെന്നാണ് ഇതിന് കാരണമായി പരീക്ഷ വിഭാഗം അറിയിക്കുന്നത്. പരീക്ഷഫീസ് പിഴകൂടാതെ അടക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്. ഇതിനകം എം.എസ്സി ഫലവും എം.എ സോഷ്യോളജി വൈവ പുനഃപരീക്ഷ നടത്തി അതിന്‍റെ ഫലവും ലഭിച്ചില്ലെങ്കിൽ ഈ വിദ്യാർഥികൾ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.