എന്ത് പണം, ഏത് പണം? കർഷകരെ കണ്ണീരിലാഴ്ത്തി സപ്ലൈകോ
text_fieldsകോട്ടയം: വിരിപ്പ് കൃഷിയുടെ സംഭരണം പൂര്‍ത്തിയായിട്ടും സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർ പണത്തിനായി കാത്തിരിപ്പിൽ. ഡിസംബര്‍ 31 വരെ 40.95 കോടിയുടെ നെല്ലാണ് ജില്ലയിൽനിന്ന് സപ്ലൈകോ സംഭരിച്ചത്. എന്നാൽ, കര്‍ഷകര്‍ക്ക് നല്‍കിയത് 3.43 കോടി രൂപ മാത്രം. 37.51 കോടിയാണ് ഇനി കർഷകർക്ക് ലഭിക്കാനുള്ളത്. അനുകൂല കാലാവസ്ഥയായിരുന്നതിനാൽ സുഗമമായിരുന്നു ഇത്തവണത്തെ വിളവെടുപ്പ്.
മഴ ശക്തമായി പെയ്തെങ്കിലും വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാര്യമായി ബാധിച്ചില്ല. അവസാനഘട്ടങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയവർക്ക് മാത്രമാണ് മഴ ചെറിയ തോതിലെങ്കിലും തിരിച്ചടിയായത്. മട വീഴ്ച, പാടത്ത് കൊയ്ത്തുയന്ത്രം ഇറക്കാന്‍ സാധിക്കാത്ത സ്ഥിതി എന്നിവ മുൻ വർഷങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഇക്കുറി ചെറുശതമാനം കര്‍ഷകരെ മാത്രമാണ് ബാധിച്ചത്.
മോശമല്ലാത്ത വിളവും ലഭിച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിനിടെയാണ് കര്‍ഷകരെ പതിവുപോലെ സപ്ലൈകോ ഇത്തവണയും ചതിച്ചത്. സെപ്റ്റംബറില്‍ ആരംഭിച്ച നെല്ല് സംഭരണം ജില്ലയിൽ കഴിഞ്ഞദിവസങ്ങളിലായി പൂർണമായി. കാര്യമായ പരാതികളില്ലാതെയായിരുന്നു ഇത്തവണ സംഭരണം. ജില്ലയിൽ 4970 കര്‍ഷകരില്‍ നിന്നായി 14462.63 ടണ്‍ നെല്ലാണ് ഇത്തവണ സംഭരിച്ചത്. സംഭരണം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ കര്‍ഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ തുക വിതരണം ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചു. പി.ആര്.എസ് വായ്പയായി എസ്.ബി.ഐ, കാനറ ബാങ്കുകള്‍ മുഖേനയാണ് പണം വിതരണം ചെയ്തത്. പിന്നീട്, തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കടംവാങ്ങി കൃഷിയിറക്കിയ കർഷകർ പണം വൈകിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.
വിരിപ്പ് കൃഷിയുടെ പണം കുടിശ്ശികയായി തുടരുന്നതിനിടെ, പുഞ്ച കൃഷിയുടെ രജിസ്ട്രേഷനും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ പുഞ്ച കൊയ്ത്ത് ആരംഭിക്കും. താരതമ്യേന കുറവായ വിരിപ്പ് കൃഷിയുടെ പണം നല്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്കാണെങ്കില് പുഞ്ചയില്‍ എന്താകുമെന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. പതിവുപോലെ സ്വര്‍ണം പണയപ്പെടുത്തിയും വായ്പയെടുത്തുമൊക്കെയാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. പണം വൈകുന്നതിൽ മനംമടുത്ത് ചില കർഷകർ കൃഷിയിൽനിന്ന് വിട്ടുനിൽക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.