മുളയില്‍ പുട്ടുകുറ്റി മുതല്‍ വാട്ടര്ജഗ് വരെ
text_fieldsകോട്ടയം: പഴമയുടെ തനിമ നിലനിര്‍ത്തി പ്രകൃതിസൗഹൃദ മുളയില്‍ പുട്ടുകുറ്റി മുതല്‍ വാട്ടര്‍ ജഗ് വരെ നിര്‍മിച്ച് വിപണിയിലെത്തിച്ച് ലിജോമോന്.
കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ചുങ്കം പുല്ലരിക്കുന്ന് പറയണിയില്‍ ബൈജുവിന്റെ മകന് ലിജോമോനാണ് ജീവിതമാര്‍ഗത്തിന് സ്വന്തമായി നിര്‍മിച്ചെടുത്ത മുള ഉൽപന്നങ്ങള് വില്പന നടത്തുന്നത്. പച്ചനിറത്തിലുള്ള കല്ലന് മുളയിലാണ് ഉൽപന്നങ്ങളുടെ നിര്‍മാണം.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കാറുണ്ടെങ്കിലും അതില്‍നിന്ന് വ്യത്യസ്തമായി, നാട്ടറിവുകളും പഴമക്കാരുടെ അറിവുകളും സ്വായത്തമാക്കി, മോഡേണ്‍ ക്രോക്കറി ഉപകരണങ്ങളിൽനിന്ന് വേറിട്ട്, 'ഇക്കോ ഫ്രണ്ട്ലി'യായി പുട്ടുകുറ്റി, ഗ്ലാസ്, ജഗ്, നാഴി എന്നിവ സ്വയം നിര്‍മിച്ചെടുക്കുകയാണ് ലിജോ.
എസ്.എച്ച് മൗണ്ടിന് അടുത്തുനിന്ന് ശേഖരിക്കുന്ന മുളങ്കമ്പുകള്‍ വൃത്തിയാക്കി ആവശ്യമായ വലുപ്പത്തിന് അനുസരിച്ച് മുറിച്ചെടുക്കും. വിഷാംശം പോകുന്നതിനും കമ്പ് ഈട് നില്ക്കുന്നതിനും പച്ച മഞ്ഞളും ഉപ്പും പുരട്ടി ഇവ പുഴുങ്ങി രണ്ടുദിവസം ഉണക്കിയെടുക്കും. ആവശ്യമായ രീതിയില്‍ കട്ടര്‍ മിഷന്, സ്പാനര്‍ മിഷന് ഉപയോഗിച്ച് മെനഞ്ഞെടുക്കും. പുട്ടുകുറ്റിയുടെ ചുറ്റിലും വെള്ളത്തിലിട്ട ചക്കരക്കയര്‍ ചുറ്റും. അടപ്പിനായി ചിരട്ട ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്നു. സാധാരണ അലുമിനിയം ചില്ല് തന്നെയാണ് ഇവക്ക് ഉപയോഗിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന പുട്ടുകുറ്റി പ്രഷര്കുക്കറില്വെച്ച് പുട്ട് പുഴുങ്ങി എടുക്കാവുന്ന രീതിയിലാണ് നിര്‍മാണം.
ഒരു പുട്ടുകുറ്റിക്ക് 300 രൂപയാണ് വില ഈടാക്കുന്നത്. കൂടാതെ കുഴയുള്ള ഗ്ലാസ്, അഞ്ച് ഗ്ലാസ് വെള്ളം കൊള്ളുന്ന വാട്ടര്‍ ജഗ്, അരി അളക്കുന്ന നാഴി എന്നിവയും നിര്‍മിക്കുന്നുണ്ട്. ഗ്ലാസ് 100, വാട്ടര്‍ ജഗ് 250, നാഴി 120 എന്നിങ്ങനെയാണ് വില. വാകമരത്തിന്റെ തടികൊണ്ടുള്ള പ്ലേറ്റുകളുടെയും സ്പൂണുകളുടെയും പണിപ്പുരയിലാണ് ഇപ്പോൾ ലിജോ. മുള പോലെ പ്രകൃതിദത്തമായ ഉൽപന്നങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന അർബുദം പോലുള്ള മാറാവ്യാധികളിൽനിന്ന് മോചനം നേടാൻ സഹായിക്കുമെന്നാണ് ലിജോയുടെ പ്രതീക്ഷ. സുഹൃത്തുക്കളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞവർ ഈ ഇരുപത്തിമൂന്നുകാരന്റെ കരവിരുതിന്റെ നൈപുണ്യത്തെക്കുറിച്ച് അന്വേഷിച്ച് എത്തുന്നുണ്ട്. കരകൗശല വസ്തുക്കൾ നിർമിക്കുന്ന ഒരു യൂനിറ്റ് തുടങ്ങാൻ ആലോചനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.