ആത്മീയതയുടെ പേരില്‍ തട്ടിപ്പുമായി തമിഴ് സ്ത്രീ സംഘം
text_fieldsരാമപുരം: രാമപുരത്തിനും സമീപപ്രദേശങ്ങളിലും വീടുകളില്‍ ആത്മീയതയെ മറയാക്കി തട്ടിപ്പുമായി എത്തുന്ന സ്ത്രീകള്‍ക്കെതിരെ വീട്ടുടമ രാമപുരം പൊലീസില്‍ പരാതി നല്കി. തമിഴും മലയാളവും സംസാരിക്കുന്ന സ്ത്രീകളാണ് വീട്ടിലെത്തുന്നതെന്ന് വീട്ടുടമ പറഞ്ഞു. വേളാങ്കണ്ണി സ്വദേശികളാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഉയരം കുറഞ്ഞതും ഇരുനിറവും കാതില്‍ കമ്മലിട്ടതും തമിഴും മലയാളവും പറയുന്ന സ്ത്രീകളാണ് തട്ടിപ്പിന് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പഴയ വസ്ത്രങ്ങളും വേളാങ്കണ്ണിക്കുള്ള നേര്‍ച്ച എന്ന പേരില്‍ പണവും വീട്ടമ്മമാരില്‍നിന്ന് കൈക്കലാക്കാറുണ്ട്. പണം നല്‍കിയില്ലെങ്കില്‍ ഈ വീട്ടിലുള്ളവര്‍ക്ക് അപകടം സംഭവിക്കുമെന്നും പറഞ്ഞ് പേടിപ്പിക്കും. ഇത് കേട്ടയുടനെ ഭയത്തോടെ വീട്ടമ്മമാര്‍ പണം നല്‍കും. ഇടയത്തിമാര് എന്നാണ് ഇവര്‍ സ്വയം അവകാശപ്പെടുന്നത്.
കഴിഞ്ഞദിവസം രാമപുരത്തെ ഒരുവീട്ടില്‍ പകല്‍ സമയത്ത് ഇവരില്‍പെട്ട ഒരു സ്ത്രീ എത്തുകയും വാതിലില്‍ മുട്ടിവിളിക്കുകയും ചെയ്തു. കൈക്കുഞ്ഞിനെ ഉറക്കുന്നതിനാല്‍ വീട്ടമ്മ വാതില്‍ തുറന്നില്ല. പക്ഷേ പുറത്ത് ഈ സ്ത്രീ നില്‍ക്കുന്നത് വീട്ടുടമ കണ്ടിരുന്നു. വാതില്‍ തുറക്കാതെയായപ്പോള്‍ വീട്ടില്‍ ഉടമസ്ഥര്‍ ഇല്ലെന്ന് കരുതി തട്ടിപ്പ് നടത്തുന്ന സ്ത്രീ വീടിന് മുകളിലത്തെ നിലയില്‍ പണികള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് കയറിച്ചെല്ലുകയും അന്തർ സംസ്ഥാന തൊഴിലാളികള്‍ വസ്ത്രവും പേഴ്സും വെച്ചിരുന്ന ബാഗുകളില്‍ നിന്നുമായി 6000 രൂപ മോഷ്ടിക്കുകയും ചെയ്തു. ഈ സ്ത്രീ മുകളിലേക്ക് കയറി വരുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു.
വീട്ടുടമയുടെ ബന്ധുക്കള്‍ പണികള്‍ നടക്കുന്നത് കാണുവാനായി എത്തിയതാണെന്ന് കരുതി തൊഴിലാളികള്‍ ഇവരെ തടയുവാനും പോയില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി ബാഗ് എടുത്ത് നോക്കിയപ്പോഴാണ് പണം മോഷണം പോയതായി കണ്ടെത്തിയത്. മൂന്നുവര്‍ഷത്തോളമായി രാമപുരം പഞ്ചായത്തിലെ പല വീടുകളിലും ഇവര്‍ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.