15,000 കി.മീ. റോഡ് ബി.എം-ബി.സി നിലവാരത്തിലാക്കി -മന്ത്രി റിയാസ്
text_fieldsതലയോലപ്പറമ്പ്: മൂന്നുവർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.
നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമാണപൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമഗ്രവികസനത്തിന് ഏറെ ഗുണകരമായിരിക്കും നീർപ്പാറ - തലയോലപ്പറമ്പ് - തട്ടാവേലി- ആലിൻചുവട് റോഡിന്റെ നിർമാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശ്ചാത്തല വികസനമേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.കെ.ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എറണാകുളത്തുനിന്ന് തലയോലപ്പറമ്പിലേക്ക് പോകുന്ന നീർപ്പാറ- തലപ്പാറ റോഡിൽ നീർപ്പാറ ജങ്ഷനിൽനിന്നും തലയോലപ്പറമ്പിലേക്കുള്ള ബൈപാസ് റോഡാണിത്.
7.01 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണിപൂർത്തീകരിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്.
ചാലുംകല്ലിൽ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചുപുനർനിർമിക്കുകയും വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കി റോഡ് ദീർഘകാലം നില നിൽക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ, കാനകൾ, ക്രോസ് ഡ്രൈനുകൾ, ഐറിഷ് ഡ്രൈനുകൾ എന്നിവ നിർമിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് കൂടുതലുള്ള രണ്ടിടങ്ങളിൽ ഇന്റർലോക്കിങ് ടൈലുകളും വിരിച്ചിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.നികിതകുമാർ, സുകന്യ സുകുമാരൻ, എൻ.ഷാജിമോൾ, പി.പ്രീതി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്.പുഷ്പമണി, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം ശീമോൻ, രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി ശിവൻ, വി.ടി.പ്രതാപൻ, വെള്ളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിനി സജു, വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം സുമ സൈജിൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്.സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാബു പി.മണലൊടി, എൻ.എം.താഹ, പി.സി.ബിനേഷ്കുമാർ, ബെപ്പിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.