ഉറക്കം കെടുത്തി മോഷണസംഘം
text_fieldsതലയോലപ്പറമ്പ്: സിലോൺ കവല, ആശുപത്രിക്കവല, ചിരട്ടക്കടവ്, പാടശേഖരങ്ങളിലെ മോട്ടോർപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. തലയോലപ്പറമ്പ് ആശുപത്രിക്കവലക്ക് സമീപം കൊല്ലംപറമ്പിൽ എബ്രഹാമിന്റെ വീട്ടിലെ 70 കിലോ തൂക്കമുള്ള ചെമ്പുപാത്രം കഴിഞ്ഞദിവസമാണ് മോഷണംപോയത്. വീടിനോടുചേർന്ന കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രമാണ് മോഷ്ടിക്കപ്പെട്ടത്.
അടഞ്ഞുകിടന്ന കെട്ടിടം തുറന്ന് വീട്ടുകാർ പാത്രങ്ങൾ കഴുകിവെക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. പാടശേഖരത്തിലെ രണ്ട് മോട്ടോർതറയിലെയും കോപ്പർവയർ അപഹരിച്ചു.
കോലത്താർ, നടുക്കരി പാടശേഖരങ്ങളിലെയും മോട്ടോർപുരയിലെ കോപ്പർവയർ മുറിച്ചുകടത്തിയിരുന്നു. സിലോൺ കവലക്ക് സമീപം കുമരംകോട്ട് സജിയുടെ ബൈക്ക് ചൊവ്വാഴ്ചയാണ് മോഷണംപോയത്. എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിന് സമീപം കോട്ടുരുത്തിൽ ഷാജിയുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കിന്റെ വയറുകൾ അറുത്ത് ബൈക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിന് പകരമായി ഹെൽമറ്റ് കവർന്നു. ഒരാഴ്ച മുമ്പും ഇതേ വീട്ടിലെ ഇരുചക്ര വാഹനത്തിൽനിന്നും ഹെൽമറ്റ് മോഷ്ടിച്ചിരുന്നു. മൂന്നുമാസം മുമ്പ് സമീപത്തെ രാജന്റെ വീട്ടിലെ കിണറുമായി ബന്ധിപ്പിച്ച മോട്ടോർ കവർന്നിരുന്നു.
പ്രദേശത്തെക്കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശവാസികളിലാരെങ്കിലും കൂട്ടാളികളുമായി ചേർന്നുനടത്തുന്ന മോഷണങ്ങളാണ് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൊലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ അന്വേഷണമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.