തലപ്പാറ-നീർപ്പാറ റോഡിൽ അപകടം തുടർക്കഥ
text_fieldsതലയോലപ്പറമ്പ്: കാൽനടക്കാർക്ക് ഭീഷണിയായി തലപ്പാറ-നീർപ്പാറ റോഡ്. നിരവധി വളവുകളുള്ള റോഡിൽ നടപ്പാതയില്ലാത്തത് ഇതുവഴിയുള്ള കാൽനട ദുഷ്കരമാക്കുന്നു.
കോട്ടയം-എറണാകുളം റൂട്ടിലെ പ്രധാനറോഡിന്റെ ഭാഗമായ വെട്ടിക്കാട്ടുമുക്ക് പാലത്തിലൂടെ കണ്ടെയ്നറുകളും ബസുകളും അടക്കമുള്ള ഭാരവാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനട ഏറെ അപകടം നിറഞ്ഞതാണ്.
പാലത്തിന്റെ ഇരുവശത്തും താഴെയും മുകളിലുമായി കൂറ്റൻ ജലഅതോറിറ്റി പൈപ്പുകളും ഒപ്ടിക്കൽ കേബിൾ പൈപ്പുകളും സ്ഥാപിച്ചിട്ടുള്ളതിനാൽ പാലത്തിലൂടെയുള്ള കാൽനട കഠിനമാണ്. തലപ്പാറ-നീർപ്പാറ റോഡിൽ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷൻ മുതൽ വടകര വരെയുള്ള റോഡ് ഭാഗത്ത് കാൽനടക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റോഡരികുകളിൽ പുല്ലുകളും ചെടികളും തിങ്ങിനിറഞ്ഞതോടെ റോഡിലേക്കിറങ്ങിവേണം നടക്കാൻ. മഴക്കാലമായതോടെ റോഡിന്റെ ഇറക്കങ്ങളിൽ ബ്രേക്ക് കിട്ടാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടാറുണ്ട്. കാഞ്ഞിരമറ്റത്തുനിന്ന് തുടങ്ങുന്ന സ്വകാര്യബസുകളുടെ മത്സരപ്പാച്ചിൽ വടകര ജങ്ഷൻവരെ തുടരുന്നു.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഇവിടെ ചെറുതും വലുതുമായ 20ഓളം അപകടം സംഭവിച്ചിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് കാൽനടക്കാർ പലപ്പോഴും രക്ഷപ്പെടുന്നത്. വടകര, ഗുരുമന്ദിരം എന്നിവിടങ്ങളിലെ വളവും റോഡിലെ ഉയർന്ന ടാറിങ് കട്ടിങ്ങും അപകടസാധ്യത വർധിപ്പിക്കുന്നു. വളവുകളിൽ ബസുകളുടെ അമിതവേഗവും മത്സര ഓട്ടവുമാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ പ്രധാനകാരണം. കഴിഞ്ഞ ശനിയാഴ്ച മറ്റൊരു ബസിനെ പിന്നിലാക്കി അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞതാണ് ഒടുവിലത്തെ സംഭവം. തലപ്പാറ- നീർപ്പാറ റോഡിലെ വളവുകൾ നിവർത്തുകയും കാൽനടക്കാർക്ക് സുരക്ഷിതമായി കടന്നുപോകാൻ ഫുട്ട്പാത്ത് നിർമിക്കണമെന്നതും പ്രദേശവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.