അനധികൃത പാർക്കിങ്; ശ്വാസംമുട്ടി തലയോലപ്പറമ്പ്
text_fieldsതലയോലപ്പറമ്പ്: വാഹനങ്ങളുടെ അനധികൃത പാർക്കിങ് മൂലം റോഡിലൂടെ കാൽനടക്കാർക്ക് നടക്കാൻ ഇടമില്ല.
തലയോലപ്പറമ്പ് ജങ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്താണ് തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളും സ്ഥാപനങ്ങളും നിറയുംതോറും സഞ്ചരിക്കാൻ ഇടംകിട്ടാതെ ബുദ്ധിമുട്ടിലാണ് കാൽനടക്കാർ. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിൽ തിരക്കേറിയ ടൗണിലൂടെ കടന്നുപോകുന്നത് ഒരു ഭാഗ്യപരീക്ഷണമാണെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ എല്ലാവിധ ട്രാഫിക് നിയമങ്ങളും കാറ്റിൽപറത്തിയുള്ള വാഹന പാർക്കിങ് പതിവുകാഴ്ചയായതോടെ ഗത്യന്തരമില്ലാത്ത യാത്രക്കാർ റോഡിലും ഓടകളുടെ മുകളിലൂടെയുമാണ് ടൗണിലും മറ്റും സഞ്ചരിക്കുന്നത്. ഇതോടെ അപകട സാധ്യതകളും വർധിച്ചു.
ചന്തപ്പാലം മുതൽ ബസ്സ്റ്റാൻഡ് വരെ നടപ്പാത നിർമിക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഈ ആശയം ഇന്ന് ചവറ്റുകൊട്ടയിലാണ്. ഇരുവശത്തും റോഡിനോട് ചേർന്നാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം.
ഇത് അപകടസാധ്യത ഇരട്ടിയാക്കുകയാണ്. നിലവിൽ ചന്തപ്പാലം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ്. മാർക്കറ്റിനുള്ളിലൂടെ കടന്നുപോകുന്ന വീതികുറഞ്ഞ മാർക്കറ്റ്-പാലാംകടവ് റോഡും വാഹനങ്ങൾ തിങ്ങിനിരങ്ങിയാണ് കടന്നുപോകുന്നത്.
ഇവിടെ വൺവേ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തുന്നവർക്കെതിരെ ബോധവത്കരം നടപ്പിൽ വരുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.