രാസമാലിന്യം നിറഞ്ഞ് മുവാറ്റുപുഴയാർ
text_fieldsതലയോലപ്പറമ്പ്: വൈക്കം താലുക്കിലെ ജനങ്ങളുടെ ആശ്രയമായ മൂവാറ്റുപുഴയാർ രാസമാലിന്യങ്ങൾ നിറഞ്ഞ് ശോചനീയമായ അവസ്ഥയിൽ.
താലൂക്കിലെ വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപറമ്പ്, ഉദയനാപുരം, ടി.വിപുരം, വൈക്കം നഗരസഭ, തലയാഴം വെച്ചൂർ, കല്ലറ കടുത്തുരുത്തി മുതലായ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് മൂവാറ്റുപുഴയാർ. ഒരു കാലത്ത് ജനങ്ങൾ അലക്കാനും കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്നതാണ് മുവാറ്റുപുഴയാറിലെ വെള്ളം. മുവാറ്റുപുഴയാറിലെ ജല ലഭ്യത വീടുകളിലെ കിണറുകളിലും ശുദ്ധജലം സുലഭമാക്കിയിരുന്നു.
എന്നാൽ, ഇന്ന് പേപ്പർ നിർമ്മാണ സ്ഥാപനങ്ങളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന രാസമാലിന്യങ്ങൾ കലർന്ന മലിന ജലം പുഴയിലെ മത്സ്യസമ്പത്തിനെ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലാണ്. ത്വക്രോഗ ഭീഷണിയുൾപ്പെടെ ഉയർത്തുകയാണ്.
ഈ ആറിന്റെ ശുദ്ധജലത്തിന്റെ മണവും ഗുണവും നഷ്ടപ്പെട്ടു. വെള്ളൂരിൽ കടലാസ് നിർമാണ കമ്പനികൾ വരുന്നതിനു മുമ്പ് ജീവനുള്ള ഒരു പുഴയായിരുന്നു. ഒരു കമ്പനി മാറി മറ്റൊരു നിർമാണ ഫാക്ടറി വന്നപ്പോൾ പുഴ മരിച്ച അവസ്ഥയിലായി. ശുദ്ധജലം ഒഴുകിയിരുന്ന നദിയിലേക്ക് കറുത്തിരുണ്ട മാലിന്യം ഒഴുകി വന്നതോടെ പുഴയാകെ മാറി . അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലശുദ്ധീകരണം നടത്തി വീണ്ടും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയുടെ കാലത്താണ് മാലിന്യം ഈ ആറിന്റെ ദുർഗതി. ഒട്ടേറെ സമരങ്ങൾ കണ്ട പുഴയാണിത്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ ഒട്ടേറെ വ്യത്യസ്ത ബഹുജന സംഘടനകൾ സമരം നടത്തി.
ഇന്നും ആറിന്റെ മലിനീകരണത്തിനെതിരെ നിരന്തര സമരം തുടരുകയാണ്. ആദ്യ കമ്പനി പൂട്ടി രണ്ടാമത്തെ കമ്പനിയും വന്നു. എന്നിട്ടും മുവാറ്റുപുഴയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതിന് മാത്രം ഒരു കുറവുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.