നീരൊഴുക്കില്ല; പുത്തൻതോട് നാശത്തിന്റെ വക്കിൽ
text_fieldsതലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൽനിന്ന് കാർഷിക ആവശ്യത്തിനും വ്യാപാര ആവശ്യങ്ങൾക്കും വേണ്ടി നിർമിച്ച പുത്തൻതോട് നീരൊഴുക്ക് നിലച്ചും മാലിന്യം നിറഞ്ഞും നാശത്തിന്റെ വക്കിൽ. വടയാർ, കല്ലറ, കടുത്തുരുത്തി വില്ലേജുകളിലായി കിടക്കുന്ന പാടശേഖരങ്ങളുടെ ആശ്രയമാണ് ഈ തോട്. പാടശേഖരങ്ങളിലേക്കുള്ള പ്രധാന ജലസ്രോതസ്സാണ് തലയോലപ്പറമ്പ്-കരിയാർ പുത്തൻതോട്. കഴിഞ്ഞ കാലങ്ങളിൽ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഈ തോടിനെയാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിച്ചിരുന്നത്. മൂവാറ്റുപുഴയാറിൽനിന്നുള്ള നീരൊഴുക്കും സ്തംഭിച്ച അവസ്ഥയിലാണ്.
അടിയം-താഴപ്പള്ളി ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച പാലവും ഷട്ടറും നീരൊഴുക്ക് യഥേഷ്ടമായി ലഭ്യക്കാനുള്ള ശ്രമം വിജയിച്ചില്ല. മാർക്കറ്റിലൂടെ കടന്നുപോകുന്ന തോടായ കുറുന്തറപുഴവഴി വെള്ളം കരിയാറിലേക്ക് ഒഴുക്കാമെന്ന ധാരണയിൽ ലക്ഷങ്ങൾ മുടക്കി സ്ലൂയിസ് വാൽവ് നിർമിച്ചതും പാഴായി. ഷട്ടറിന്റെയും പാലത്തിന്റെയും അടിത്തട്ട് ഉയർന്ന നിൽക്കുന്നതിനാൽ പുഴയിൽനിന്നുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തോട്ടിൽ മാലിന്യം അടിഞ്ഞ് കാടുപിടിച്ച അവസ്ഥയിലാണ്. നീരൊഴുക്ക് നിലച്ചതിന്റെ ഫലമായി ആയിരക്കണക്കിന് ഏക്കർ പാടശേഖരത്തിലെ കൃഷിയാണ് നാശോന്മുഖമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.