പള്ളിക്കവലയിലെ ഗതാഗത നിയന്ത്രണം അമ്പേ പരാജയം...
text_fieldsതലയോലപ്പറമ്പ്: തിരക്കേറിയ പള്ളിക്കവല ജങ്ഷനിലെ സിഗ്നൽലൈറ്റുകളും നിരീക്ഷണകാമറകളും രണ്ട് വർഷത്തിലധികമായി പ്രവർത്തനരഹിതം. കോട്ടയം, എറണാകുളം, തൊടുപുഴ, വൈക്കം എന്നിവിടങ്ങളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനാണ് പള്ളിക്കവല. ചെറുവാഹനങ്ങൾ മുതൽ കണ്ടെയ്നർ ലോറികൾ വരെ കടന്നുപോകുന്ന ജങ്ഷനിൽ സുതാര്യമായ സിഗ്നൽസംവിധാനമില്ല. സ്വന്തം റിസ്കിൽ വേണം വാഹനങ്ങൾക്ക് കടന്നുപോകാൻ.
ജങ്ഷനിലുണ്ടായിരുന്ന സിഗ്നൽസംവിധാനം നിയന്ത്രിക്കുന്ന പോസ്റ്റ്, കണ്ടയ്നർ േലാറി ഇടിച്ചതിനെ തുടർന്നാണ് പ്രവർത്തനരഹിതമായത്. സിഗ്നൽ നന്നാക്കുന്നത് സംബന്ധിച്ച് തിരക്കുന്നവരോട് കണ്ടയ്നർ ഇടിച്ചുതകർത്തതിനെ സംബന്ധിച്ചുള്ള കേസിന്റെ കാര്യമാണ് ഉദ്യോഗസ്ഥർക്കും അധികൃതർക്കും പറയാനുള്ളത്. ചെറുതും വലുതുമായി അഞ്ചിലധികം സിഗ്നലുകൾ ജങ്ഷനിലുണ്ട്. ഇവയിലൊന്നും പ്രവർത്തനക്ഷമമല്ല. ഒരപകടം സംഭവിച്ചാൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന കാമറാസംവിധാനവും അപ്രത്യക്ഷമാണ്.
ജങ്ഷനിലെ എ.ജെ. ജോണിന്റെ പ്രതിമയും വിസ്മൃതിയിലാണ്. രാത്രിയുണ്ടായ അപകടത്തെ തുടർന്ന് പ്രതിമയുടെ ചുവട്ടിലെ തിട്ട തകർന്നിട്ട് ആഴ്ചകളേറെയായി. ചുറ്റുവേലി നിർമിച്ച് പ്രതിമ സംരക്ഷിക്കാൻ ആരും മുൻകൈ എടുക്കുന്നില്ല. പൊലീസ് ജങ്ഷൻ, ആശുപത്രിക്കവല, തലപ്പാറ ജങ്ഷൻ എന്നിവയുടെ സമീപമാണ് നിലവിൽ കാമറകൾ പ്രവർത്തിക്കുന്നത്. സ്റ്റോപ്പുകളിൽ നിന്ന് മുന്നോട്ടുനീങ്ങിയാണ് ഇവിടെ ബസുകൾ നിർത്തുന്നത്. മിക്കവയും നിർത്തുന്നത് റോഡ് മുറിച്ചുകടക്കാൻ ഉപയോഗിക്കുന്ന സീബ്രാക്രോസിന് മീതെയും. സ്കൂൾ കുട്ടികളടക്കം കടന്നുപോകുന്ന റോഡിലെ സീബ്രാക്രോസ് വരകൾ മാഞ്ഞുതുടങ്ങി.
25 ലക്ഷം രൂപ ചെലവിൽ കെൽട്രോൺ കമ്പനി സ്ഥാപിച്ച സിഗ്നൽസംവിധാനം സി.കെ. ആശ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ എട്ടുമാസം മാത്രമാണ് സിഗ്നൽസംവിധാനം പ്രവർത്തിച്ചത്. സിഗ്നൽസംവിധാനത്തിന്റെ അഭാവത്തിൽ ജങ്ഷന് സമീപം മൂന്നുവർഷത്തിനിടെ പത്തോളം അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.