തലയോലപ്പറമ്പിലെ തട്ടിപ്പ്; അനന്തു ഉണ്ണിക്കെതിരെ സ്വർണവ്യാപാരിയുടെ പരാതി
text_fieldsതലയോലപ്പറമ്പ്: പണമിടപാട് സ്ഥാപനത്തിൽ വൻതുക തട്ടിപ്പ് നടത്തി ഒളിവിൽപോയ കൃഷ്ണേന്ദുവിന്റെ ഭർത്താവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ അനന്തു ഉണ്ണിക്കെതിരെ മറ്റൊരു തട്ടിപ്പുകേസ് കൂടി.
സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിച്ചെന്നാണ് സ്വർണ വ്യാപാരിയുടെ പരാതി. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 47 ലക്ഷം രൂപയോളം വില വരുന്ന 100 പവൻ സ്വർണമാണ് അനന്ദു ഉണ്ണി തട്ടിയെടുത്തതെന്നും തലയോലപ്പറമ്പിൽ ജ്വല്ലറി നടത്തുന്ന വ്യാപാരി പറയുന്നു. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് ജൂലൈയിലാണ് ഇയാൾ ഒന്നിടവിട്ട മൂന്ന് ദിവസങ്ങളിലായി 100 പവനോളം സ്വർണം വാങ്ങിയത്. ആഗസ്റ്റിൽ തവണകളായി അടക്കേണ്ട തുക മുടക്കം വന്നതോടെ ഇയാളെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും നിരാശ ആയിരുന്നു ഫലം. തുടർന്ന് തലയോലപ്പറമ്പിലെ സി.പി.എം നേതൃത്വം ഇടപെട്ടെങ്കിലും പണം ലഭിച്ചില്ല.
വിവിധ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിക്കൊണ്ടുപോയ സ്വർണ ഉരുപ്പടികൾ ആവശ്യക്കാർക്ക് ലഭിച്ചിരുന്നില്ല. മറ്റുള്ളവരുടെ പേരുകളിൽ സ്വർണം വിൽക്കുകയായിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് തുക കൊടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ലേക്ക് നീട്ടി. ഇതിനിടെയാണ് തലയോലപ്പറമ്പിലെ ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ അനന്ദുവിന്റെ ഭാര്യയും ഡി.വൈ.എഫ്.ഐ മേഖല ജോയന്റ് സെക്രട്ടറിയുമായ കൃഷ്ണേന്ദു പ്രതിയാകുന്നത്. ഇതറിഞ്ഞ് അങ്കലാപ്പിലായ വ്യാപാരി നിരന്തരം അനന്ദുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറി. പാർട്ടിയും കൈവിട്ടതോടെ വൈക്കം ഡിവൈ.എസ്.പി ഓഫിസിൽ പരാതി നൽകുകയായിരുന്നു.
തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ ആംബുലന്സ് ഡ്രൈവറാണ് അനന്തു ഉണ്ണി. ഇയാൾ ഒളിവിലാണ്. യുണൈറ്റഡ് ഫിൻഗോൾഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽനിന്ന് 43 ലക്ഷം രൂപ തട്ടിയ കേസിൽ 21 മുതൽ കൃഷ്ണേന്ദു, വൈക്കപ്രയാർ സ്വദേശിനി ദേവി പ്രജിത് എന്നിവർ ഒളിവിലാണ്. ഹൈകോടതി മുഖേന മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് ഇവർ എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.