മുഴുവൻ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് ലഭ്യമാക്കും -മന്ത്രി
text_fieldsതലയോലപ്പറമ്പ്: വീട്ടുമുറ്റത്ത് സേവനം കൊടുക്കാൻ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലി വന്ധ്യത നിവാരണ മേഖല റഫറൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് ലൈവ്സ്റ്റോക് ഫെർട്ടിലിറ്റി മാനേജ്മെന്റ് സെന്റർ കാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനവും പ്രതികൂലസാഹചര്യവുമുണ്ടായിട്ടും പാൽ ഉൽപാദനക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്താൻ കേരളത്തിനായി. മിൽമയുടെ കണക്കിൽ സ്വയംപര്യാപ്തതയിലെത്താൻ പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ട്. പശുക്കൾ മരിച്ച കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ഈമാസം 22ന് ആരംഭിക്കും. കേരളത്തിലെ കന്നുകാലി പ്രജനന നയത്തിന് സമഗ്ര സംഭാവന നൽകിയ ജനിതക ശാസ്ത്രജ്ഞനും കെ.എൽ.ഡി ബോർഡ് മുൻ മാനേജിങ് ഡയറക്ടറുമായ ഡോ. സി.ടി. ചാക്കോയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ.എൽ.ഡി ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ. രാജീവ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. ജയമ്മ, കെ.പി. ഷാനോ, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വിൻസെന്റ്, എ.എം. അനി ചെള്ളാങ്കൽ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ആർ. സജീവ്കുമാർ, കെ.എൽ.ഡി.ബി ജനറൽ മാനേജർ ഡോ. ടി.സജീവ്കുമാർ, വൈക്കം ബ്ലോക്ക് എക്സ്റ്റെൻഷൻ ഓഫിസർ വി. സുനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സെൽവരാജ്, സാബു പി. മണലൊടി എന്നിവർ സംസാരിച്ചു.
കേന്ദ്രത്തിൽ തുടക്കത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഉദയനാപുരം, ചെമ്പ്, വൈക്കം, ടി.വിപുരം, തലയാഴം, മറവൻതുരുത്ത്, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളിലെയും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ കേന്ദ്രത്തിലെയും ഡോക്ടർമാർ നിർദേശിക്കുന്ന കേസുകളാകും ഇവിടെ പരിഗണിക്കുക. വീട്ടുപടിക്കലെത്തി സേവനം നൽകുന്ന തരത്തിലാണ് സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.