ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ലക്ഷ്യം രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തൽ -മന്ത്രി ആർ. ബിന്ദു
text_fieldsകോട്ടയം: രാജ്യാന്തര തലത്തിലെ വിഖ്യാത സർവകലാശാലകളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താൻ ലക്ഷ്യമിട്ടാണ് ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇതിനായി കോളജുകളിൽ വിദ്യാർഥി കേന്ദ്രീകൃത സംവിധാനമുറപ്പാക്കണം. പഠനത്തിനൊപ്പം നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ സംരംഭങ്ങളായി വളർത്താനും സഹായകമായ സാഹചര്യമുണ്ടാകണം.
നൈപുണ്യവികസനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ എം. പാനൽ ചെയ്ത ഏജൻസികളുടെ സേവനം കോളജുകൾക്ക് ലഭിക്കും. ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടുകളുണ്ടായാൽ പരിഹരിക്കാൻ കോളജ് -സർവകലാശാല തലങ്ങളിൽ സംവിധാനം വേണം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ക്രമീകരണം സുഗമമാക്കുന്നതിന് ഏകീകൃത സോഫ്റ്റ്വെയർ ഏർപ്പെടുത്തും.
എം.ജി സർവകലാശാലയിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുമായും നോഡൽ ഓഫിസർമാരുമായും കോട്ടയം ബി.സി.എം കോളജിൽ സംവദിക്കുകയായിരുന്നു മന്ത്രി.
നാലാംവർഷം പൂർത്തിയാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് പോകുന്ന വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമാകാത്ത രീതിയിലായിരിക്കും ക്രമീകരണം. പുതിയ സംവിധാനത്തിൽ അധ്യാപകർക്ക് തൊഴിൽപരമായ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക വേണ്ട. പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നതിനുൾപ്പെടെയുള്ള സാധ്യതകളാണ് ഭാഷാ അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്നത് -മന്ത്രി വ്യക്തമാക്കി.
വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട സർവകലാശാലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. റെജി സക്കറിയ, കെ. ഹരികൃഷ്ണൻ, ഡോ. എസ്. ഷാജില ബീവി, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ബി.സി.എം കോളജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ് എന്നിവർ സംസാരിച്ചു. കേരള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ റിസർച് ഓഫിസർമാരായ ഡോ. കെ. സുധീന്ദ്രൻ, ഡോ. വി. ഷഫീഖ് എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.