ഇത്ര പെയ്തിട്ടും പോരാ
text_fieldsകോട്ടയം: വീണ്ടും കനത്തിട്ടും ജില്ലയിൽ മഴ കുറവെന്ന് കാലാവസ്ഥവകുപ്പ്. ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് പെയ്തിറങ്ങിയ മഴയുടെ അളവിൽ 15 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ഇവരുടെ കണക്ക്. ജൂൺ ഒന്നുമുതൽ ശനിയാഴ്ചവരെ 899.1 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 764.7 മി.മിറ്റർ മാത്രമാണ് ലഭിച്ചതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.ഇത് വലിയ കുറവായി ഇവർ കണക്കാക്കുന്നില്ല. വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അടുത്തദിവസങ്ങളിൽ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ്. കോട്ടയം. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരാണ്. തൊട്ടുപിന്നിൽ കോട്ടയവും തിരുവനന്തപുരവുമാണ്. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. മഴ വീണ്ടും കനത്തതോടെ മീനച്ചിലാർ, മണിമലയാർ എന്നിവിങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്രാപിച്ചതോടെ മീനച്ചിലാറ്റിൽ വൻ ഒഴുക്കും അനുഭവപ്പെടുന്നുണ്ട്.
നേരത്തെ വേനൽ മഴയിൽ കോട്ടയം റെക്കോഡിട്ടിരുന്നു. മാർച്ച് ഒന്നുമുതൽ മേയ് 31 വരെ 839.7 മില്ലി മീറ്റർ മഴ കോട്ടയത്ത് പെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴയായിരുന്നു ഇത്. തീക്കോയിലായിരുന്നു ഏറ്റവുംകൂടുതൽ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴാ, പൂഞ്ഞാർ, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളും സംസ്ഥാനത്ത് കൂടുതൽ വേനൽമഴ ലഭിച്ച പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയിരുന്നു.
മേയ് പകുതിവരെ വേനല്‍ മഴയുടെ അളവ് ജില്ലയില്‍ 17 ശതമാനം കുറവായിരുന്നു. എന്നാൽ, മേയ് അവസാന ആഴ്ചയിലെ കനത്ത മഴയോടെയാണ് വേനൽ സീസണിൽ കോട്ടയം റെക്കോഡിലേക്ക് എത്തിയത്.
പുല്ലകയാറിൽ മഞ്ഞ അലർട്ട്
കോട്ടയം: ജലനിരപ്പ് ഉയർന്നതിനെതുടർന്ന് മണിമലയുടെ കൈവഴിയായ പുല്ലകയാറിൽ കേന്ദ്ര ജലകമീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ 16 വരെ മഞ്ഞ അലർട്ട്
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവാഴ്ചവരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.