കൃത്രിമ വാടകച്ചീട്ടുണ്ടാക്കി വീടൊഴിപ്പിച്ച് ബി.ജെ.പി ജില്ല നേതാവ്; കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം
text_fieldsകോട്ടയം: പണമിടപാടിന്മേലുള്ള തർക്കത്തെ തുടർന്ന് കൃത്രിമ വാടകച്ചീട്ടുണ്ടാക്കി ബി.ജെ.പി ജില്ല നേതാവ് വീടൊഴിപ്പിച്ചെന്ന് കാട്ടി കുടുംബം ബി.ജെ.പി ജില്ല ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 2013ൽ നടന്ന പണമിടപാടിനെ തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് ബി.ജെ.പി അനുഭാവിയായ പുതുപ്പള്ളി പരിയാരം മാരാൻകുന്നേൽ എം.ആർ. ദിലീപും കുടുംബവും പെരുവഴിയിലായത്.
ചിങ്ങവനം സ്വദേശിയായ ബി.ജെ.പി ജില്ല ജനറൽസെക്രട്ടറി രതീഷ് ആണ് വീട് തട്ടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബവുമായി ബി.ജെ.പി ജില്ല ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ദിലീപ് പറഞ്ഞു.
2013ൽ രതീഷിൽ നിന്ന് രണ്ടുപേർക്ക് പലിശക്ക് പണംനൽകാൻ ദിലീപ് ഇടനില നിന്നിരുന്നു. യഥാക്രമം 75,000 രൂപയും ഒന്നരലക്ഷം രൂപയുമാണ് വാങ്ങിയത്. തുടർന്ന് പണം വാങ്ങിയവർ തിരിച്ചടച്ചില്ല. ഇതേ തുടർന്ന് ദിലീപിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. 2015ൽ പണത്തിന് പകരം വീടിന്റെ ആധാരം പണയമായി രതീഷ് കൈക്കലാക്കിയെന്നും ദിലീപ് പറഞ്ഞു. പണം നൽകിയാൽ ആധാരം തിരികെ നൽകാമെന്നായിരുന്നു ധാരണ.
പിന്നീട് ഈ വീട് ദിലീപിന് വാടകക്ക് നൽകിയതായി കൃത്രിമമായി വാടകക്കരാർ തയാറാക്കി. ആറുമാസമായി വാടക നൽകുന്നില്ലെന്ന് ആരോപിച്ച് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കുടുംബത്തെ വീട്ടിൽനിന്ന് ഒഴിപ്പിച്ചത്. എന്നാൽ ഈ വാടക ചീട്ടിനെ കുറിച്ച് അറിയില്ലെന്നും രേഖകൾ കൃത്രിമമാണെന്നുമാണ് ദിലീപ് പറയുന്നത്.
ദിലീപിന്റെ ഭാര്യയുടെ പേരിലാണ് കരാർ തയാറാക്കിയത്. പണം ആവശ്യപ്പെട്ട് തന്റെ ഭാര്യയോട് പലതവണ ഇയാൾ മോശമായി സംസാരിച്ചതായും ദിലീപ് പറഞ്ഞു. ഇത് കാട്ടി പൊലീസിനും പട്ടികജാതി കമീഷനും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, ദിലീപിനെതിരെ കോടതിയിലുള്ള വസ്തുക്കേസുമായി മുന്നോട്ടുപോവുകയുമായിരുന്നു. 2018ൽ കേസ് തള്ളിപ്പോയി.
എന്നാൽ ദിലീപിന്റെ വക്കീലിനെ തന്റെ പക്ഷംനിർത്തിയ രതീഷ് കോടതിയിൽ വീണ്ടും കേസ് നൽകി. ബി.ജെ.പി നേതാവായ ഏറ്റുമാനൂർ രാധാകൃഷ്ണന്റെ വീട്ടിൽ ആർ.എസ്.എസ് നേതാവ് സാനുവും ദിലീപും കുടുംബവുമായി നടത്തിയ ചർച്ചയിൽ പണം മടക്കിനൽകാൻ മൂന്നുമാസത്തെ കാലളയവ്കൂടി നൽകിയതായും ദിലീപ് പറഞ്ഞു.
ചർച്ചക്കിടെ തന്നെ വഴിയാധാരമാക്കുമെന്ന് രതീഷ് ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിച്ചു. രതീഷിന്റെആൾക്കാർ വാതിൽ തകർത്ത് വീട്ടിൽ അതിക്രമിച്ചുകയറി സാധനസാമഗ്രികൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതെല്ലാം കണ്ട് തന്റെ മകൾ തലകറങ്ങിവീഴുകയും കുട്ടിയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യവുമുണ്ടായി. ബി.ജെ.പിയുടെ ജില്ല, സംസ്ഥാന നേതാക്കളോട് ഉൾപ്പെടെ പരാതിപ്പെട്ടെങ്കിലും അവർ കൈയൊഴിയുകയായിരുന്നു- ദിലീപ് പറഞ്ഞു.
നിലവിൽ വീടിനടുത്തായി ടാർപോളിനുപയോഗിച്ച് കെട്ടിയ ഷെഡ്ഡിലാണ് കുടുംബത്തിന്റെ താത്കാലിക താമസം. ദിലീപിന്റെ ഭാര്യയും സഹോദരങ്ങളും കുട്ടികളുമടങ്ങിയ കുടുംബമാണ് ബി.ജെ.പി ജില്ല ഓഫീസിന് മുന്നിൽ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.