ബസ്സ്റ്റാൻഡിലെ ഓട നിറഞ്ഞു; മലിനജലം പുറത്തേക്ക് ഒഴുകുന്നു
text_fieldsകറുകച്ചാൽ: ബസ്സ്റ്റാൻഡിനുള്ളിലെ ഓടകൾ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. രണ്ടാഴ്ചയായി മാലിന്യം പരന്നൊഴുകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശക്തമായി മഴ പെയ്യുന്നതിനാൽ ഇവ ഒലിച്ച് ബസ്റ്റാൻഡിനുള്ളിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. ദുർഗന്ധം കാരണം ബസ്സ്റ്റാൻഡിലും കാത്തിരിപ്പ് കേന്ദ്രത്തിലും നിൽക്കാനും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിൻവശത്തുള്ള ഓടയാണ് നിറഞ്ഞത്. മണ്ണും ചളിയും മാലിന്യങ്ങളും നിറഞ്ഞതാണ് ഇത് കവിഞ്ഞൊഴുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഓട വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും പറയുന്നു. സമീപത്തെ വിവിധ കെട്ടിടങ്ങളിൽനിന്നുള്ള മലിനജലം ഈ ഓടയിലേക്കാണ് ഒഴുകിയെത്തുന്നത്. പലരും പൈപ്പുകൾ ഓടയിലേക്കാണ് ഘടിപ്പിച്ചിട്ടുള്ളതും. മണ്ണും ചളിയും മാലിന്യവും കുഴഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് കാത്തുനിൽക്കുന്നവർ മഴയുള്ളപ്പോൾ ഈ മലിനജലത്തിൽ ചവിട്ടിയാണ് നടക്കുന്നതും. മുമ്പ് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളെല്ലാം വൃത്തിയാക്കുമായിരുന്നു. എന്നാൽ, ടൗണിലെ മിക്ക ഓടകളുടെയും സ്ഥിതി സമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.