സി.എഫ് യുഗം മറഞ്ഞു; പുതുഉദയം കാത്ത് ചങ്ങനാശ്ശേരി
text_fieldsചങ്ങനാശ്ശേരി: സി.എഫ്. തോമസില്ലാത്ത ചങ്ങനശ്ശേരിയാണ് ഇത്തവണ. ഇടതും വലതും നോക്കാതെ സി.എഫ് സാറിനൊപ്പമായിരുന്നു ചങ്ങനാശ്ശേരിയുടെ 40 വർഷത്തെ ചരിത്രം. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യങ്ങളിലൊന്നായ സി.എഫ് മറഞ്ഞതോടെ ഇനിയാരെ ചങ്ങനാശ്ശേരി വരിക്കും? പുതുഉദയം കാക്കുകയാണ് മണ്ഡലം.
എൻ.എസ്.എസ് ആസ്ഥാനവും അതിരൂപത ആസ്ഥാനവും ഉൾപ്പെടുന്നതിനാൽ രാഷ്ട്രീയ കേരളത്തിെൻറ കണ്ണെത്തുന്ന ഇടംകൂടിയാണ് എക്കാലവും ചങ്ങനാശ്ശേരി. സി.പി.ഐക്കൊപ്പമായിരുന്നു മണ്ഡലം പിന്നീട് കേരള കോൺഗ്രസിെൻറ കൈപ്പിടിയിലേക്ക് ചുരുങ്ങുകയായിരുന്നു.
കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിന് മുമ്പ് തിരുക്കൊച്ചി നിയമസഭയുടെ ഭാഗമായിരുന്ന ചങ്ങനാശ്ശേരിയെ 1948ലും 1951ലും അഡ്വ. എം. കോരയും 1954-56 കാലത്ത് നായര്‍ സര്‍വിസ് സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന അഡ്വ. എന്‍. പരമേശ്വരപിള്ളയുമാണ് പ്രതിനിധാനം ചെയ്തത്.
1957ലെ ആദ്യനിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എ.എം. കല്യാണ കൃഷ്ണൻ നായർക്കായിരുന്നു വിജയം. കോണ്‍ഗ്രസിലെ പി. രാഘവന് പിള്ളയെയാണ് പരാജയപ്പെടുത്തിയത്. വിമോചന സമരത്തിനു പിന്നാലെ 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കല്യാണകൃഷ്ണന് നായര്‍ വീണ്ടും മത്സരംഗത്തിറങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല. കോണ്‍ഗ്രസ് സ്ഥാനാർഥിയും എന്‍.എസ്.എസ് നേതാവുമായ എന്‍. ഭാസ്കരന് നായർക്കായിരുന്നു ജയം.
1965ല്‍ സി.പി.ഐ പുതിയ സ്ഥാനാർഥിയെ പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സി.പി.ഐയുടെ കെ.ജി.എന്‍. നമ്പൂതിരിപ്പാടിനെ കേരള കോണ്‍ഗ്രസിലെ കെ.ജെ. ചാക്കോ പരാജയപ്പെടുത്തി. 1967ല്‍ ചിത്രംമാറി. ഇത്തവണ കെ.ജി.എന്‍ നമ്പൂതിരിപ്പാട് വിജയിയായി. കെ.ജെ. ചാക്കോ പിന്നിലായി. 1970ൽ വിജയം തിരിച്ചുപിടിച്ച കെ.ജെ. ചാക്കോ 1977ലും വിജയം ആവർത്തിച്ച് മന്ത്രിസഭയിൽ അംഗമായി.
1980ല്‍ മണ്ഡലം കേരള കോൺഗ്രസുകളുടെ പോരിടമായി. യു.ഡി.എഫിെൻറ ഭാഗമായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായി കെ.ജെ. ചാക്കോയും എൽ.ഡി.എഫിനായി കേരള കോൺഗ്രസ് എമ്മിെൻറ സി.എഫ്. തോമസും രംഗത്തെത്തി. കന്നിമത്സരത്തിൽ സി.എഫ്. തോമസിനായിരുന്നു ജയം.
1982ല്‍ വീണ്ടും സ്വതന്ത്രനായി കെ.ജെ. ചാക്കോ മത്സരരംഗത്തിറങ്ങിയെങ്കിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി സി.എഫ്. തോമസിനുതന്നെയായിരുന്നു വിജയം. കേരള കോൺഗ്രസ് മുന്നണിമാറിയതിനാൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു രണ്ടാംതവണ സി.എഫ് മത്സരിച്ചത്. പിന്നീട് നടന്ന ഏഴ് തെരഞ്ഞെടുപ്പിലും സി.എഫ്. തോമസിനൊപ്പം ചങ്ങനാശ്ശേരി നിന്നു.
1987ല്‍ വി.ആര്. ഭാസ്കരനും 91ല്‍ പ്രഫ. എം.ടി. ജോസഫും '96ല്‍ അഡ്വ.പി. രവീന്ദ്രനാഥും 2001ല്‍ പ്രഫ. ജയിംസ് മണിമലയും 2006ല്‍ എ.വി. റസലും 2011ല്‍ ഡോ. ബി. ഇക്ബാലും 2016ൽ ഡോ. കെ.സി. ജോസഫും ആയിരുന്നു സി.എഫിെൻറ എതിരാളികള്‍. 2001ലായിരുന്നു സി.എഫിെൻറ ഉയര്‍ന്ന ഭൂരിപക്ഷം -13041 വോട്ട്. 2011ല്‍ 2554 ആയും 2016ൽ 1849 ആയും ഇത് കുറഞ്ഞു.
യു.ഡി.എഫിലും എൽ.ഡി.എഫിലും സീറ്റ് ധാരണയാവാത്തതിനാൽ ഏത് പാർട്ടികളുടെ പോരിടമാകും ഇത്തവണ ചങ്ങനാശ്ശേരിയെന്നതിൽ വ്യക്തതയില്ല. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫിനൊപ്പം കോൺഗ്രസിനും മണ്ഡലത്തിൽ കണ്ണുണ്ട്. എൽ.ഡി.എഫിൽ കഴിഞ്ഞതവണ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസ് എമ്മുമാണ് സീറ്റ് ആവശ്യവുമായി രംഗത്തുള്ളത്.
മണ്ഡല ചരിത്രം
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള നിയമസഭ മണ്ഡലമാണ് ചങ്ങനാശ്ശേരി. പായിപ്പാട്, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിലും ചങ്ങനാശ്ശേരി നഗരസഭയും വാഴപ്പള്ളി പഞ്ചായത്തും യു.ഡി.എഫ് ഭരണത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.