കോട്ടയം ജില്ലയിലെ എട്ട് റോഡുകളുടെ നിര്‍മാണം അവസാനഘട്ടത്തിൽ
text_fieldsകോട്ടയം: സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ജില്ലയിലെ എട്ട് റോഡുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡാണ് ആധുനിക നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. 121 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെ.എസ്.ടി.പി നടപ്പാക്കുന്ന പ്രവൃത്തിയിൽ 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്.
മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി മന്ത്രി പറഞ്ഞു. പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനായി മെറ്റീരിയല്‍ പുനരുപയോഗം ഉള്‍പ്പെടുന്ന ടാറിങ് പ്രവൃത്തി, സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് എന്നീ നൂതന സംവിധാനങ്ങളോടെ അത്യാധുനിക നിലവാരത്തിലാണ് പ്രവൃത്തി.
റോഡുകളുടെ ടാറിങ്, ഇരുവശത്തും ഓടകള്‍, സുരക്ഷ ക്രമീകരണങ്ങള്‍, നടപ്പാത തുടങ്ങിയവ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരിപ്പ് പാലത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. എംസി റോഡില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാൻ ഉപയോഗിക്കുന്ന പ്രധാന പാതയായ ഗാന്ധിനഗര്‍-മെഡിക്കല്‍ കോളജ് റോഡ്, മെഡിക്കല്‍ കോളജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാന്‍ സാധിക്കുന്ന ബാബു ചാഴികാടന് റോഡ്, കുടയംപടി-പരിപ്പ്, മാന്നാനം-കൈപ്പുഴ, മാന്നാനം-പുലിക്കുട്ടിശ്ശേരി , കൈപ്പുഴ-അതിരമ്പുഴ, അതിരമ്പുഴ-പാറോലിക്കല്‍, അതിരമ്പുഴ-വേദഗിരി എന്നീ റോഡാണ് പുനരുദ്ധരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.