സി.പി.എം ജില്ല സമ്മേളനം നാളെ പാമ്പാടിയിൽ തുടങ്ങും
text_fieldsകോട്ടയം: സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ ജില്ല സമ്മേളനം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി എ.വി. റസൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1761 ബ്രാഞ്ച് സമ്മേളനങ്ങളും 124 ലോക്കൽ സമ്മേളനങ്ങളും 12 ഏരിയ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ല സമ്മേളനത്തിലേക്ക് കടക്കുന്നത്. 28,284 പാർട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്. 102 വനിത ബ്രാഞ്ച് സെക്രട്ടറിമാരെയും രണ്ട് വനിത ലോക്കൽ സെക്രട്ടറിമാരെയും സമ്മേളന കാലയളവിൽ തെരഞ്ഞെടുത്തു.
പതാക ജാഥകൾ വടയാർ തങ്കപ്പൻ സ്മൃതി മണ്ഡപം, കെ.പി. രമണൻ സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽനിന്നും കൊടിമര ജാഥകൾ ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിവിടങ്ങളിൽനിന്നും ബാനർ ജാഥകൾ മീനടം അവറാമി സ്മൃതി മണ്ഡപം, പള്ളിക്കത്തോട് ഇളംപള്ളി വിശ്വംഭരൻ സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽനിന്നും രണ്ടിന് വൈകീട്ട് 4.30ന് പാമ്പാടി പൊലീസ് സ്റ്റേഷൻ മൈതാനത്ത് എത്തും. മൂന്നിന് വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും.
മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് പ്രതിനിധിസമ്മേളനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ. വി.എൻ. വാസവൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പി.കെ. ബിജു എന്നിവർ പങ്കെടുക്കും.
അഞ്ചിന് മൂന്നിന് ചുവപ്പ് സേന മാർച്ചും പ്രകടനവും. തുടർന്ന് പാമ്പാടി കമ്മ്യൂണിറ്റി ഹാൾ മൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ. അനിൽകുമാർ, ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി സുഭാഷ് പി. വർഗീസ്, ട്രഷറർ ഇ.എസ്. സാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.